kurthikudy

അടിമാലി: കാടിന്റെ മക്കളുടെ ജീവിതാവസ്ഥ മനസിലാക്കാൻ കില ഇറ്റിസി നേതൃത്വത്തിൽ അടിമാലി ബ്ലോക്ക് പരിധിയിലെ പട്ടികവർഗ സങ്കേതമായ കുറത്തിക്കുടിയിൽ 'ഗോത്രായനം' നടത്തി. പുതുതായി സർവീസിലെത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ പരിശീലനത്തിന്റെ ഭാഗമായാണ് ഗോത്രായനം നടത്തിയത്. ദുർഘടമേഖലയിലുള്ള കുറത്തിക്കുടി പട്ടികവർഗ സങ്കേതത്തിലെത്തിയ വി.ഇ.ഒ.മാരുടെ സംഘം സങ്കേതങ്ങളിലെ കുടികളിൽ ഗൃഹസർവേ നടത്തി. അംഗനവാടികൾ, മൾട്ടി ഗ്രേഡ് ലേണിംഗ് സ്‌കൂൾ, പൊതുസ്ഥാപനങ്ങളിലും സന്ദർശനം നടത്തി.
ഫീൽഡ് തല ഉദ്യോഗസ്ഥരെന്ന നിലയിൽ പൊതുജനങ്ങൾക്കായുള്ള ഓരോ പദ്ധതികളുടെ അറിവിനൊപ്പം താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങളും നിരീക്ഷിച്ച് മനസിലാക്കുന്നതിനാണ് സങ്കേത സന്ദർശനമെന്ന് കില ഇറ്റിസി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ പറഞ്ഞു. ഫീൽഡ് തലത്തിൽ പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരെന്ന നിലയിൽ ഭാവിയിൽ
യാഥാത്ഥ്യമറിഞ്ഞ് ജോലി ചെയ്യാനുള്ള നല്ല അനുഭവങ്ങൾ ഗോത്രായനത്തിലൂടെ ലഭിച്ചുവെന്ന് ഗോത്രായനത്തിൽ പങ്കെടുത്ത വി.ഇ ഒ .മാർ പറഞ്ഞു.