ചങ്ങനാശേരി: തുരുത്തിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. എം.സി റോഡിൽ തുരുത്തി ജംഗ്ഷനു സമീപം പിക്കപ്പ് വാനും കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വട്ടംതിരിഞ്ഞ് റോഡിനു കുറുകെ തെന്നിമാറി പുറകെയെത്തിയ ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടു സ്‌കൂട്ടറുകളിലെ യാത്രികരായ മൂന്നു പേർക്കാണ് പരിക്കേറ്റത്. രണ്ടുപേരെ കോട്ടയം ജനറൽ ആശുപത്രിയിലും ഒരാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശേരി ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. ചങ്ങനാശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.