dipot
കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ വർക്ക്‌ഷോപ്പ് ഗാരേജ് റോഷി അഗസ്റ്റ്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു..

കട്ടപ്പന: കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പുതിയ ഓഫീസ് സമുച്ചയവും വർക്ക് ഷോപ്പ്ഗാരേജും തുറന്നു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഓഫീസ് സമുച്ചയം ഓൺലൈനായും റോഷി അഗസ്റ്റിൻ എം.എൽ.എ. വർക്ക്‌ഷോപ്പ്ഗാരേജും ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ ഓൺലൈനായി പങ്കെടുത്തു. ഡിപ്പോയിൽ നടന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ്, സോണൽ ഓഫീസർ വി.എം. താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, എ.ടി.ഒ. ബി. അജിത്കുമാർ, നഗരസഭ കൗൺസിലർ ധന്യ അനിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ആർ. സജി, വി.ആർ. ശശി, മനോജ് എം.തോമസ്, തോമസ് പെരുമന, അനിൽ കൂവപ്ലാക്കൽ എന്നിവർ പങ്കെടുത്തു. അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഉദ്ഘാടനമാണെന്ന് ആരോപിച്ച് യു.ഡി.എഫ്. ജനപ്രതിനിധികളും ടി.ഡി.എഫ്(ഐ.എൻ.ടി.യു.സി) ജീവനക്കാരും ചടങ്ങ് ബഹിഷ്‌കരിച്ചു.
റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷവും മുൻ എം.പി. ജോയ്‌സ് ജോർജ് അനുവദിച്ച 25 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശംസ നിധിയിൽ നിന്നുള്ള 25 ലക്ഷവും ചെലവഴിച്ചാണ് നവീകരണം നടത്തിയത്.