കോട്ടയം: പെട്രോൾ പമ്പിലേയ്‌ക്ക് കയറുന്നതിനിടെ പിന്നിൽ നിന്നും എത്തിയ ബൈക്കിടിച്ച് കേരളകൗമുദി ഏജന്റിനും ഭാര്യയ്ക്കും പരിക്ക്. കേരളകൗമുദി പരിയാരം ഏജന്റ് പരിയാരം കയ്യാലത്ത് കെ.കെ വിശ്വനാഥൻ, ഭാര്യ ശാന്തമ്മ വിശ്വനാഥൻ എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കോട്ടയത്തേയ്ക്ക് പോകാനായി ഇരുവരും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. മാങ്ങാനം തുരുത്തേൽപ്പാലത്തെ പെട്രോൾ പമ്പിലേയ്ക്ക് കയറുന്നതിനായി ഇൻഡിക്കേറ്റർ ഇട്ടു തിരിയുന്നതിനിടെ പിന്നാലെ എത്തിയ ബൈക്ക് ഇരുവരും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിശ്വനാഥന്റെ കാലിനു പൊട്ടലുണ്ട്. ഭാര്യ ശാന്തമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.