കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളം നിരപ്പേൽ കടയ്ക്ക് സമീപം പുലിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സ്ഥലത്തെത്തിയ ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനുമാണ് പുരയിടത്തിൽ പുലിയെ കണ്ടത്. വാർത്ത പരതോടെ നിരപ്പേൽ കട, ആറേക്കർ, ഇടപ്പൂക്കളം, പൂവന്തിക്കുടി എന്നിവിടങ്ങളിലെ താമസക്കാർ പരിഭ്രാന്തിയിലാണ്. പുല്ലുമേട്ടിൽ നിന്നു ഓട്ടോറിക്ഷയിൽ വരികയായിരുന്നു ഇരുവരും. ഏലച്ചെടിയുടെ മറവിലാണ് പുലി പതിയിരുന്നത്. തുടർന്ന് ഇവർ ബഹളംവച്ചതോടെ പുലി ഏലത്തോട്ടത്തിലേക്ക് മറയുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ സംഘടിച്ച് തിരച്ചിൽ നടത്തി. ഉച്ചകഴിഞ്ഞ് മൂന്നോടെ വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പരിസരത്ത് പലയിടത്തും പുലിയുടെ കാൽപാടുകളുണ്ടെങ്കിലും മണലിൽ ആയതിനാൽ വ്യക്തമല്ലെന്ന് വനപാലകർ പറഞ്ഞു. ഏലക്കാടിന്റെ എതിവർശത്ത് പൂവന്തിക്കുടിയിൽ 3 മാസം മുമ്പ് പുലിയിറങ്ങിയിരുന്നു. കാൽപ്പാടുകൾ ശാസ്ത്രീയ പരിശോധന നടത്തി പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടാതെ സമീപപ്രദേശങ്ങളായ ചിന്ന സുൽത്താനിയ, ചെങ്കര എന്നിവിടങ്ങളിൽ 2 മാസം മുമ്പും പുലിയിറങ്ങിയിരുന്നു.