ജലനിരപ്പ് താഴ്ന്നു, കിഴക്കൻമേഖലയിൽ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ
മുണ്ടക്കയം: ജലസ്രോതസുകളിൽ ജലനിരപ്പ് താഴുകയാണ്.... ഒപ്പം മലയോരജനതയുടെ മനസിൽ ആശങ്ക ഉയരുകയായി.
കാഞ്ഞിരപ്പള്ളി താലൂക്കിലെ കിഴക്കൻ മലയോരമേഖലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. വേനൽ കടുത്തതോടെ ജലാശയങ്ങൾ വറ്റിവരണ്ടു. മേഖലയിലെ പ്രധാന ജലസ്രോതസുകളായ മണിമലയാർ, പുല്ലകയർ, അഴുതയാർ എല്ലാം തന്നെ നീരൊഴുക്ക് കുറഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരി മാസത്തിൽ നേരിയ മഴ ലഭിച്ചത് മലയോരമേഖലയ്ക്ക് ആദ്യം ആശ്വാസം പകർന്നിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കിടെ മണിമലയാറ്റിലെയും മറ്റും ജലനിരപ്പ് താഴ്ന്നത് പല കുടിവെള്ള പദ്ധതികളെയും സാരമായി ബാധിച്ചു തുടങ്ങി. മുണ്ടക്കയം ടൗണിനോട് ചേർന്നുള്ള വേങ്ങകുന്ന്, ഇളംപ്രാമല്ല, സ്രാമ്പി, ചെളിക്കുഴി, കരടിമല ഇഞ്ചിയനി മേഖലകളിലെല്ലാം കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിലെല്ലാം ആളുകൾ ദൂരസ്ഥലങ്ങളിൽ നിന്നും തലച്ചുമടായും മറ്റുമാണ് വെള്ളം ശേഖരിക്കുന്നത്. ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഇവയുടെ പ്രവർത്തനം താറുമാറായ അവസ്ഥയിലാണ്.
വാങ്ങണം വിലകൊടുത്ത്
കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാർ. പലസ്ഥലങ്ങളിലും ജലാശയങ്ങളിൽ ചെറിയ കുഴികൾ തീർത്താണ് ആളുകൾ കുടിക്കുന്നതിനു, മറ്റ് വീട്ട് ആവശ്യങ്ങൾക്കുമുള്ള ജലം ശേഖരിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതികളുടെ അഭാവവും, വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുമെല്ലാം സാധാരണക്കാരെ വലയ്ക്കുകയാണ്.