
പാലാ: ഇടതു മുന്നണിയുടെ ഭാഗമായി പാലായിൽ മത്സരിക്കാനിറങ്ങുന്ന ജോസ് കെ. മാണിയ്ക്കെതിരെ ബൈബിൾ വാചകങ്ങളിലൂടെ കടന്നാക്രമിച്ച് യൂത്ത് കോൺഗ്രസ്. ജോസ് കെ.മാണി വിഡ്ഢിയായ പുത്രനാണെന്നും യൂദാസാണെന്നും ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പഠനക്യാമ്പ് അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു.
ബൈബിളിലെ സുഭാഷിതങ്ങൾ 17 ാം വാക്യത്തിലെ 'വിഡ്ഢിയായ പുത്രൻ പിതാവിന്റെ ദു:ഖമാണ് ' എന്ന വാചകമാണ് പ്രമേയത്തിന്റെ തലക്കെട്ട്.
സ്വന്തം പിതാവിനെ വളഞ്ഞിട്ടാക്രമിച്ച് അവഹേളിച്ചവർക്കൊപ്പം നിൽക്കുന്ന ഒറ്റുകാരനാണ് ജോസ് കെ. മാണി . അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിലാണ് ജോസ് കെ. മാണിയുടെ നിക്ഷേപം. അത് സംരക്ഷിക്കാനും വളർത്താനും അവിശുദ്ധമായ രാഷ്ട്രീയ സഖ്യം രൂപീകരിക്കുകയായിരുന്നു. സ്വന്തം പിതാവിനെ വളർത്തി വലുതാക്കിയ മുന്നണിയുടെ പാരമ്പര്യത്തെയും രാഷ്ട്രീയത്തെയും ഒറ്റുകൊടുത്ത യൂദാസ് ആണ് ജോസ് കെ. മാണിയെന്ന് ജനസമക്ഷം വിളിച്ചു പറയാനുള്ള ആർജ്ജവം യൂത്ത് കോൺഗ്രസിന് ഉണ്ടാവണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
യൂത്ത് കോൺഗ്രസ് പ്രമേയം
പുരോഹിത പ്രമുഖരെ നികൃഷ്ടജീവി എന്ന് വിളിച്ച് അവഹേളിച്ച, സഭയുടെ ഉന്നത കേന്ദ്രങ്ങളായ രൂപതകളെ 'രൂപ താ' എന്നു പരിഹസിച്ച, ചർച്ച് ആക്ട് നടപ്പിലാക്കി സഭ എന്ന വിശ്വാസ ഗോപുരത്തെ ഇല്ലായ്മ ചെയ്യും എന്ന് പ്രഖ്യാപിക്കുന്ന, ശബരിമല എന്ന പവിത്ര ഭൂമിയിൽ ആചാരലംഘകരായ ആക്ടിവിസ്റ്റുകൾക്ക് പരവതാനി വിരിച്ച്, വിശ്വാസ വിരുദ്ധരുടെ പാളയത്തിൽ നിലയുറപ്പിക്കുന്ന, മതേതര മൂല്യങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന, വിവിധ മതങ്ങൾ തമ്മിൽ സംഘർഷവും, ശത്രുതാപരമായ വേർതിരിവും സൃഷ്ടിക്കുന്ന സി.പി.എം - സംഘപരിവാർ അച്ചുതണ്ടിന്റെ പ്രചാരകനായി ജോസ് കെ. മാണി മാറി. ജോസ് കെ.മാണി എന്ന ആട്ടിൻ തോലിട്ട ചെന്നായയുടെ പൊയ് മുഖം ജനങ്ങൾക്കുമുമ്പിൽ അഴിച്ചു കാട്ടണം.
ആവേശം നിറച്ച് മാണി സി. കാപ്പനെത്തി
യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിനിടയ്ക്ക് അപ്രതീക്ഷിതമായി മാണി സി. കാപ്പൻ എം.എൽ.എ എത്തി. നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിച്ചു. പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, അഡ്വ. ടോം കോര അഞ്ചേരിൽ , ജില്ലാ ഭാരവാഹികളായ തോമസ് കുട്ടി മുകാല, ജെനിൻ ഫിലിപ്പ്, നൈഫ് ഫൈസി, ജിൻസൺ ചെറുമല, ഷാൻ ടി. ജോൺ, അനീഷാ തങ്കപ്പൻ, നിബു ഷൗക്കത്ത്, അജീഷ് വടവാതൂർ എന്നിവർ പ്രസംഗിച്ചു. റോബി ഊടുപുഴ പ്രമേയം അവതരിപ്പിച്ചു. ജോബി അഗസ്റ്റിനാണ് ക്യാമ്പ് ഡയറക്ടർ.