election

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ചയുണ്ടാകുമെന്ന് ഉറപ്പായതോടെ മണ്ഡലത്തിൽ സജീവമായി നേതാക്കൾ. ചുവർ ബുക്കിംഗ്, വെള്ളപൂശൽ എന്നിവ മണ്ഡലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. 25നു ശേഷം മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ ഏറെക്കുറെ വ്യക്തമാകും.
യു.ഡി.എഫിലും എൽ.ഡി.എഫിലും ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾ ഏത് കക്ഷിക്ക് എന്നതിൽ ചർച്ച നീളും. പൂഞ്ഞാർ വീണ്ടും ചതുഷ്‌കോണ മത്സരത്തിന് വേദിയായേക്കും. സിറ്റിംഗ് എൽ.എൽ.എമാരിൽ സുരേഷ് കുറുപ്പ് വീണ്ടും മത്സരിക്കുമോ എന്ന് വ്യക്തമല്ല. യു.ഡി.എഫിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പാലായിൽ മാണി സി. കാപ്പനും ഉറപ്പായി. എൽ.ഡി.എഫിൽ പാലായിൽ ജോസ് കെ. മാണിയും വൈക്കത്ത് സി.കെ. ആശയും കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജും മൽസരിക്കും. പൂഞ്ഞാറിൽ സ്വതന്ത്രനായോ മുന്നണിയിലോ പി.സി ജോർജുമാണ് മൽസരിക്കുക.

 കുടുംബ സംഗമങ്ങളുമായി ഉമ്മൻചാണ്ടി

നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ഉമ്മൻചാണ്ടി മണ്ഡലത്തിൽ കുടുംബ സംഗമങ്ങളിലൂടെ സജീവമായി. സുകൃതം, സുവർണം എന്ന പേരിൽ കുടുംബ സംഗമങ്ങൾ ഇന്നലെ വൈകിട്ട് വാകത്താനം പഞ്ചായത്തിലെ ഇരവുചിറ, ഉദിയ്ക്കൽ, വള്ളിക്കാട് ഭാഗങ്ങളിൽ നടന്നു. അര ലക്ഷം ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് പ്രചാരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് ഉമ്മൻ ചാണ്ടിക്ക് പോകേണ്ടി വരും. അതിനാലാണ് ഇവിടെ കാലേക്കൂട്ടി പ്രചാരണം ആരംഭിച്ചത്.

ചങ്ങനാശേരിയിൽ തർക്കം

സി.എഫ് തോമസിന്റെ മരണത്തോടെ അനാഥമായ ചങ്ങനാശേരി സീറ്റിനെ ചൊല്ലി ഇരുമുന്നണികളിലും തർക്കമാണ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴും ജോസഫ് അവകാശമുന്നയിച്ചിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് പോയെങ്കിലും ഒരു വിഭാഗം ജനാധിപത്യ കേരളാ കോൺഗ്രസ് ഇടതു മുന്നണിയിലുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ചങ്ങനാശേരി വിട്ടുകൊടുക്കേണ്ടെന്നാണ് പാർട്ടി നിലപാട്. പതിറ്റാണ്ടുകളായുള്ള പാർട്ടിയുടെ സീറ്റ് വേണമെന്ന ആവശ്യം ജോസ് കെ.മാണിയും ഉന്നയിച്ചിട്ടുണ്ട്.

 യാത്രകളുമായി കാപ്പനും ജോസും

ജോസ് കെ. മാണിയും മാണി സി. കാപ്പനും പാലായിൽ പ്രചാരണം തുടങ്ങി. എൽ.ഡി.എഫിന്റെ സംസ്ഥാന ജാഥയ്ക്ക് പാലായിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര പാലായിലെത്തിയപ്പോൾ ശക്തി പ്രകടനത്തോടെയാണ് മാണി സി. കാപ്പൻ ഭാഗമായത്. ജോസ് കെ. മാണി 27 വരെ മണ്ഡലത്തിൽ ജനകീയം പദയാത്രയിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കെ. സുധാകരനേയും വിളംബരജാഥാ യോഗങ്ങളിൽ എത്തിച്ച് എൽ.ഡി.എഫിന് കനത്തപ്രഹരം നൽകാനാണ് കാപ്പനും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്.

 സുരേന്ദ്രനെ കാത്ത് ബി.ജെ.പി

എ ക്ളാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയടക്കം സ്ഥാനാർത്ഥികളെ നിറുത്തണം, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ സന്ദേശ യാത്രയ്ക്ക് വരവേൽപ്പ് നൽകണം. ബി.ജെ.പി ക്യാമ്പും ആവേശത്തിലാണ്. മാർച്ച് രണ്ടിനാണ് യാത്ര ജില്ലയിൽ എത്തുക. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് തിരുനക്കരയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരമാവധി കേന്ദ്ര മന്ത്രിമാരെ എത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം.