ഐഷ ഉമ്മയെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചു


കോട്ടയം: കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണത്തിന് തടസമായി നിന്ന ഐഷ ഉമ്മയേയും കുടുംബത്തെയും മാറ്റിപാർപ്പിച്ചു. പാലം നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോടിമത പുറമ്പോക്കിലെ ഐഷ ഉമ്മയുടെ വീട് പൊളിച്ചു നീക്കി. നിലവിൽ പുതിയ വീട് നിർമ്മിക്കുന്ന സ്ഥലത്തിന് സമീപമുള്ള വാടകവീട്ടിലേക്കാണ് ഇവരെ താത്കാലികമായി മാറ്രിപാർപ്പിച്ചത്.
ഐഷ ഉമ്മ ഭവന നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോടിമതയിലെ വീട് പൊളിച്ചുമാറ്റിയത്. കോടിമത എം.സി റോഡിൽ നാലു വരിപ്പാതയിലേയ്ക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് രണ്ടാം പാലം നിർമ്മിച്ചത്. എന്നാൽ, റോഡ് പുറംപോക്കിൽ താമസിച്ചിരുന്ന ഐഷ ഉമ്മയെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കാൻ കഴിയാതെ വന്നതോടെ റോഡ് നിർമ്മാണം അനിശ്ചിതമായി നീളുകയായിരുന്നു.

കോടിമതയിൽ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്ത് പാലത്തിനടിയിൽ കഴിഞ്ഞ 28 വർഷമായി രണ്ടു പെൺമക്കളും അവരുടെ കുട്ടികളുമായി താമസിച്ചുവരികയായിരുന്നു ഐഷ ഉമ്മ. പാലം നിർമ്മാണം മുടങ്ങിയതോടെയാണ് ഇവരുടെ ദുരിതജീവിതം പുറംലോകം അറിഞ്ഞത്. തുടർന്നു വിവിധ മേഖലകളിൽ നിന്നുള്ളവർ ഇവരെ മാറ്റി താമസിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനുവിന്റെ ഇടപെടലിനെ തുടർന്ന് വേളൂർ തിരുവാതുക്കൽ പടിപ്പുര വീട്ടിൽ ഷാജി ജേക്കബ് മൂന്നു സെന്റ് സ്ഥലം ഐഷ ഉമ്മക്ക് കഴിഞ്ഞ ദിവസം നൽകിയിരുന്നു. കൊച്ചിൻ മെട്രാപോളിറ്റിൻ റോട്ടറി ക്ലബിന്റെ സഹായത്തോടെ മൂന്നുമാസത്തിനകം ഐഷഉമ്മക്ക് വീട് നിർമ്മിക്കാനാണ് ശ്രമം.