കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്നനിലയിൽ
ചങ്ങനാശേരി: എസ്.എൻ.ഡി.പി.യോഗം 5229-ാം നമ്പർ വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം ശാഖയിൽ മോഷണം. കാണിക്കവഞ്ചികളും ഓഫീസും കുത്തിത്തുറന്ന നിലയിലാണ്. ഇന്നലെ രാവിലെ ശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓഫീസിന്റെ വാതിലുകളും രണ്ട് കാണിക്കവഞ്ചികളും മോഷ്ടാക്കൾ കുത്തിത്തുറന്നിട്ടുണ്ട്. തുടർന്ന് ശാഖാ ഭാരവാഹികളും യൂണിയൻ നേതാക്കളും ചങ്ങനാശേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രത്തിനു മുൻപിലെ കാണിക്കവഞ്ചിയും ഓഫീസിനുള്ളിൽ എടുത്ത് വെച്ചിരുന്ന കാണിക്ക വഞ്ചിയും അലമാരയും തകർത്താണ് കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും കാണിക്കവഞ്ചികളിൽ നിന്നായി 12000 രൂപയും മോഷണം പോയതായി ശാഖാ ഭാരവാഹികൾ പറഞ്ഞു. കോട്ടയത്തു നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയിൽ കഴിഞ്ഞദിവസം ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ മറിയപ്പള്ളി എസ്.എൻ.ഡി.പി ശാഖയിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടന്നിരുന്നു. ഇരുസംഭവങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.