ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലർ സി.ജി രമേശ് പണിക്കരുടെ മരണത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കെതിരെ ബന്ധുക്കൾ. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പ്രക്ഷോഭത്തിന് രൂപം കൊടുക്കാൻ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനും തീരുമാനിച്ചു. ചെത്തിപ്പുഴ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോകാനുള്ള താത്പര്യം ബന്ധുക്കളും യൂണിയൻ ഭാരവാഹികളും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കുഴപ്പമില്ലെന്നും രണ്ടു ദിവസത്തിനകം ഭേദമാകുമെന്നുമാണ് അറിയിച്ചത്. മരിക്കുന്നതിന് മുൻപ് കൊവിഡ് നെഗറ്റീവ് ആണെന്നും റൂമിലേയ്ക്ക് മാറ്റുകയാണെന്നും ബന്ധുക്കളെ അറിയിച്ചിരുന്നു. 7ന് രാത്രി ചികിത്സയിൽ കഴിയുന്ന രമേശ് അക്രമാസക്തനായതിനെ തുടർന്ന് പാരലൈസ് ചെയ്തതായി ചികിത്സിച്ചിരുന്ന ഡോക്ടർ സഹോദരനോട് സംസാരിച്ച ശബ്ദരേഖയിൽ പറയുന്നു. എന്നാൽ, അത് വരെയും യാതൊരു പ്രശ്‌നങ്ങളും ഇല്ലാതിരുന്ന രമേശ് ഫോൺ ഉപയോഗിക്കുകയും ബന്ധുക്കളോടും ഭാര്യയോടും മെസേജിലൂടെ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

18ന് ഉച്ചയോടെ ആരോഗ്യ സ്ഥിതി വഷളാവുകയും രമേശ് വെന്റിലേറ്ററിലാണെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിന് മുന്നോടിയായി നിലവിലെ ബില്ല് തീർക്കാനും ആംബുലൻസ് ക്രമീകരിക്കണമെന്നും ബന്ധുക്കളോട് അധികൃതർ ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും രമേശ് മരിച്ചെന്ന് മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ട റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.