വൈക്കം : തലയാഴം പഞ്ചായത്തിലെ 55 കുടുംബങ്ങൾക്ക് സ്വയം തൊഴിലിനായി ' മട്ടുപ്പാവിലെ മുട്ടക്കോഴി പദ്ധതിയ്ക്ക് ' രൂപം നല്കി. മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. ജനകീയ ആസൂത്രണ പദ്ധതിയിലെ ആനൂകൂല്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു കുടുംബത്തിന് പത്ത് കോഴിയും ഒരു കൂടുമാണ് നൽകുന്നത്. 9200 രൂപയാണ് ചെലവ്. ഇതിൽ പകുതി തുക പഞ്ചായത്ത് സബ്‌സിഡിയായി നൽകും. ശേഷിച്ച തുക ഗുണഭോക്താവ് തിരിച്ചടയ്ക്കണം. പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേഷ്. പി.ദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ബിജു.കെ.വർഗീസ് പദ്ധതി വിശദീകരിച്ചു. മെമ്പർമാരായ ജെൽസി സോണി, കൊച്ചുറാണി, ഷീജ ഹരിദാസ്, ബി.എൽ.സെബാസ്റ്റ്യൻ, ബിനു പട്ടശ്ശേരിത്തറ എന്നിവർ പങ്കെടുത്തു.