
വൈക്കം : മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ 'അന്തിപ്പച്ച' എന്ന പേരിൽ മൊബൈൽ ഫിഷ് മാർട്ട് ആരംഭിച്ചു. രാസവസ്തു കലരാത്ത മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുമരകത്ത് പ്രവർത്തിക്കുന്ന മത്സ്യഫെഡിന്റെ മത്സ്യസംഭരണകേന്ദ്രത്തിൽ നിന്ന് പച്ചമത്സ്യം വിതരണം ചെയ്ത് വരുന്നതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതി ആരംഭിച്ചത്. ദിവസവും ഉച്ചയ്ക്ക് 2 മുതൽ നിശ്ചിത സ്ഥലങ്ങളിൽ മൊബൈൽ ഫിഷ് മാർട്ടിലൂടെ മത്സ്യവിപണനം നടത്തും. രണ്ടിന് കുമാരനല്ലൂർ മേൽപ്പാലത്തിന് താഴെയും, 3.15 ന് ഗാന്ധിനഗർ പനമ്പാലത്തിന് സമീപവും, വൈകിട്ട് 4.30 ന് നാഗമ്പടത്തുമാണ് മത്സ്യവിപണം നടത്തുക. വൈക്കം ബോട്ട്‌ജെട്ടി മൈതാനിയിൽ നടന്ന ചടങ്ങിൽ സി.കെ.ആശ എം.എൽ.എ ഫ്ലാഗ് ഒഫ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ്, നഗരസഭ മത്സ്യഫെഡ് ജില്ലാ മാനേജർ പി.നിഷ, പി.എസ്.രേഖ, ബിന്ദു ഷാജി, കെ.കെ.രമേശൻ, ഡി.ബാബു, എം.കെ.രാജു, ബി. സ്മിത തുടങ്ങിയവർ പങ്കെടുത്തു.