പാലാ: മുനിസിപ്പൽ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിലെ ഗ്രീൻഫീൽഡ് നനച്ചു കൊണ്ടിരുന്ന ഓട്ടോമാറ്റിക് മോട്ടോറുകളിൽ ഒന്നിന്റെ സെൻസറിൽ ചെളി അടിഞ്ഞുകൂടിയതായി കണ്ടെത്തി. മോട്ടോറിന്റെ കോയിലും നശിച്ചിട്ടുണ്ട്.
വെള്ളം നനയ്ക്കാത്തതിനാൽ സ്റ്റേഡിയത്തിനുള്ളിലെ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതും, മോട്ടോർ തകരാറിലായതും ചൂണ്ടിക്കാട്ടി 'കേരളകൗമുദി ' തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേതുടർന്ന് ഇന്നലെ രാവിലെ 7 മണിയോടെ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലമ്പറമ്പിൽ, തോമസ് പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ മെക്കാനിക്കുകളുമായെത്തി സ്റ്റേഡിയത്തിലെ കെട്ടിടത്തിനുള്ളിലുള്ള കിണറിൽ സ്ഥാപിച്ചിട്ടുള്ള മോട്ടോറുകൾ പരിശോധിക്കുകയായിരുന്നു.
കിണറ്റിലെ വെള്ളം വറ്റിച്ച് അഞ്ചു മണിക്കൂറോളം നീണ്ട പരിശോധനകൾക്കിടെയാണ് മൂന്നു മോട്ടോറുകളിൽ ഒന്നിന്റെ സെൻസറിൽ ചെളി അടിഞ്ഞതായി വ്യക്തമായത്. ഇന്ന് മോട്ടോർ അഴിച്ചെടുക്കും. പുതുതായി വൈൻഡ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ സ്ഥാപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ പറഞ്ഞു.
പൂർണ്ണമായും ഓട്ടോമാറ്റിക്കായ അത്യാധുനിക മോട്ടോറുകളും മറ്റു പകരണങ്ങളുമാണ് 23 കോടി ചെലവഴിച്ച് നിർമ്മിച്ച പാലാ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
എന്നാൽ ഇതുവേണ്ട വിധം പരിപാലിക്കുന്ന കാര്യത്തിൽ മുൻ നഗരഭരണാധികാരികൾ ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചതായി കായിക പ്രേമികൾ കുറ്റപ്പെടുത്തുന്നു.
നടപടി വൈകും
ഇന്നലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും തൊഴിലാളികളും ചേർന്ന് ഗ്രീൻഫീൽഡിലെ സ്പ്രിംഗിളുകളും പരിശോധിച്ചു. ഇവയ്ക്ക് തകരാറില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. അതേസമയം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ കേടുപാടുകൾ തീർക്കാൻ നടപടിയായിട്ടില്ല. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിനാൽ നിർമ്മാണം നടത്തിയവർക്ക് നന്നാക്കാനുള്ള ഉത്തരവാദിത്വവുമില്ല.