കുമരകം: ഹൗസ് ബോട്ട് മാലിന്യങ്ങൾ വേമ്പനാട്ടു കായലിന്റെ വിവിധ ഇടങ്ങളിലെത്തി ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന ബാർജ് പ്രവർത്തന സജ്ജമല്ലാതായതോടെ പുതിയ ബാർജ് എത്തിക്കാൻ ടൂറിസം വകുപ്പ് കരാർ നൽകി .കൊച്ചി വൈപ്പിനിൽ നടന്നുവരുന്ന പുതിയ ബാർജിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ് .70ലക്ഷം രൂപയാണ് പുതിയ ബാർജിന്റെ വില. ആറു വർഷം മുമ്പ് 60 ലക്ഷം രൂപാ മുടക്കി വാങ്ങിയ ബാർജ് വർഷങ്ങളായി കവണാറ്റിൻകരയിലെ മാലിന്യ സംസ്കരണ പ്ലാൻ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ തുരുമ്പെടുത്തു നശിക്കുകയാണ്. .2018-ലെ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രവർത്തിപ്പിക്കാതെയിട്ടതാണ് ബാർജ് നശിക്കാൻ ഇടയായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ബാർജിന് കാര്യക്ഷമത കുറവാണെന്നാണ് ഡി.റ്റി.പി.സി അധികൃതരുടെ നിലപാട് .കായലിന്റെ എല്ലാ ഭാഗത്തും ബാർജിന് എത്തിച്ചേരാൻ സാധിക്കില്ലെന്നും കൂടുതൽ മാലിന്യങ്ങൾ ഇതിൽ ശേഖരിക്കാൻ കഴിയില്ലെന്നും അധികൃതർ പറയുന്നു.പുതിയ ബാർജ് ഉടൻ എത്തുന്നതോടെ പഴയ ബാർജ് വൈപ്പിനിലേക്ക് കൊണ്ടുപോകും.ബാർജ് പ്രവർത്തനരഹിതമെങ്കിലും ഡ്രൈവർക്ക് ശബളം മുടക്കമില്ലാതെ നൽകുന്നു എന്നതാണ് കൗതുകം.