ഏറ്റുമാനൂർ: നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് കം മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മുൻ നഗരസഭ സെക്രട്ടറി ഗുരുതര വീഴ്ച വരുത്തിയതായി വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മറ്റി കണ്ടെത്തി. ഉദ്യോഗസ്ഥനെതിരെ കമ്മിറ്റി വകുപ്പ് തല നടപടിയും ശുപാർശ ചെയ്തു.

നേരത്തെ മന്ത്രി എ.സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും വീഴ്ച വരുത്തിയവരുടെ പേരിൽ നടപടിയെടുക്കാനും ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് കമ്മിറ്റി യോഗം ചേർന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്. നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം ചട്ടങ്ങൾ പാലിക്കാതെയാണ് നടന്നതെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. ഇതു സംബന്ധിച്ചു നഗരസഭാ ചെയർമാന്റെ 2019 ഡിസംബർ 30ലെ കത്തും, ജില്ലാ പ്ലാനിംഗ് ഓഫീസറുടെ 2020 ജനുവരി 14ലെ കത്തും പ്രകാരം തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് എൻജിനീയർ നൽകിയ അന്വേഷണറിപ്പോർട്ടും അനുസരിച്ചാണ് ഇപ്പോഴത്തെ നടപടി.

'ഷോപ്പിംഗ് കോംപ്ലക്‌സ് കം മൾട്ടിപ്ലക്‌സ് തീയേറ്റർ' പദ്ധതി ജില്ലാ ആസൂത്രണസമിതി അംഗീകരിക്കുമ്പോൾ നിർവ്വഹണരീതി ടെണ്ടർ എന്നാണ് ചേർത്തിരുന്നത്. എന്നാൽ ഇതിന് ഘടകവിരുദ്ധമായാണ് അക്രഡിറ്റഡ് ഏജൻസി മുഖേന നിർവ്വഹണം നടത്താൻ അന്നത്തെ നഗരസഭാ കൗൺസിൽ തീരുമാനിച്ചതും, സെക്രട്ടറി നേരിട്ട് താല്പര്യ പത്രം ക്ഷണിച്ചതും. സെക്രട്ടറി താൽപ്പര്യപത്രം ക്ഷണിച്ചതിൽ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി (പിഎംസി) എന്ന് ചേർത്തിരുന്നില്ല.
2019 ഫെബ്രുവരി 15ന് മന്ത്രി എ.സി.മൊയ്തീൻ തന്നെയാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. ചിറക്കുളത്തിനോട് ചേർന്ന് എം.സി. റോഡിന് അഭിമുഖമായി 58 കടമുറികളും 240 സീറ്റുകളുള്ള മൾട്ടിപ്ലക്‌സ് സിനിമാ തീയറ്ററും അടങ്ങുന്നതാണ് വിവാദമായ പദ്ധതി. 4500ഓളം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന്റെ അടങ്കൽ തുക പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള തുകയുടെ മൂന്നിരട്ടിയായിരുന്നു. എൻജിനീയറിംങ് വിഭാഗത്തെ മാറ്റി നിർത്തി വാപ്‌കോസുമായി കരാർ ഏറ്റെടുത്തതിനു പിന്നിലും ആരോപണം ഉയർന്നിരുന്നു. 18 മാസംകൊണ്ട് പദ്ധതി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കരാർ ഏറ്റെടുത്ത വാപ്‌കോസ് ഒരു സ്വകാര്യകമ്പനിയ്ക്ക് ഉപകരാർ നൽകുകയായിരുന്നു. നിർമ്മാണം ഏറ്റെടുത്ത വാപ്‌കോസ് നിർമ്മാണത്തിന്റെ പുരോഗതികൾ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ അറിയിച്ചിരുന്നില്ല. ഇതിനിടെ വാപ്‌കോസിന് സെന്റേജ് ചാർജായി 44 ലക്ഷം രൂപ നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിക്കുകയും ഇതിനായി ഫയൽ പുതുതായി ചാർജെടുത്ത എഞ്ചിനീയറുടെ പക്കൽ എത്തുകയും ചെയ്തതോടെയാണ് ക്രമക്കേടുകൾ പുറത്തുവന്നത്.