നെടുങ്കണ്ടം: നിരവധി പ്രതിസന്ധികളെ അതിജീവിച്ച് വളർന്നുവന്ന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. യോഗമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. എസ്.എൻ.ഡി.പി. യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാന മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണിത്. ഓരോ പ്രസ്ഥാനത്തിലും വ്യത്യസ്തമായ താത്പര്യങ്ങൾ ഉണ്ടാകും. മുൻകാലങ്ങളെ അപേക്ഷിച്ച് എസ്.എൻ.ഡി.പി. യോഗത്തിൽ ഇപ്പോൾ പ്രശ്‌നങ്ങൾ കുറവാണ്. ഈഴവ സമുദായത്തെ മുന്നോട്ടുനയിക്കുന്ന വെള്ളാപ്പള്ളി നടേശനെ അഭിവാദ്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗത്തിൽ ആദ്യകാല പ്രവർത്തിച്ചിരുന്ന നാളുകൾ മന്ത്രി ഓർത്തെടുത്തു. കുഞ്ചിത്തണ്ണി ശാഖയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അടുത്തബന്ധമാണുള്ളതെന്നും എം.എം. മണി പറഞ്ഞു. കല്ലാറിൽ മനോഹരമായ കെട്ടിട സമുച്ചയം നിർമിച്ച യൂണിയനെയും ഭാരവാഹികളെയും മന്ത്രി അഭിനന്ദിച്ചു.