lunch

കോട്ടയം: 20 രൂപക്ക് ഊണുമായി ജനകീയ ഭക്ഷണശാല. കുറിച്ച് ഔട്ട്പോസ്റ്റ് ജംഗ്ഷനിലാണ് ജനകീയ ഭക്ഷണശാല തുറന്നത്. ചോറ്, സാമ്പാർ, തോരൻ, അച്ചാർ, പപ്പടം എന്നിവ ഉൾപ്പെടെയുള്ള ഊണിന് 20 രൂപ മാത്രമാണ് ഈടാക്കുന്നത്. വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുറിച്ച് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ഭക്ഷണശാല ഒരുക്കിയത്.

ഔട്ട് പോസ്റ്റ് ജംഗ്ഷനിലെ പഞ്ചായത്ത് വക കെട്ടിടത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡംഗം ജെയ്ക്ക് സി.തോമസ് ഭക്ഷണശാല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അനീഷ് തോമസ്, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പ്രീതാകുമാരി, അഭിജിത്ത് മോഹൻ, സുമ എബി, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ ഡി സുഗതൻ, കുറിച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു തോമസ്, വാർഡ് മെമ്പർമാരായ കെ ആർ ഷാജി, പൊന്നമ്മ സത്യൻ, സിന്ധു സജി, സ്മിത ബൈജു, ബിജു എസ്.മേനോൻ, വിജു പ്രസാദ്, ആസൂത്രണ സമിതിയംഗം ജോയ് പള്ളിക്കാപറമ്പിൽ,​ സി.ഡി.എസ് ചെയർപേഴ്‌സൺ വിശ്വമ്മ ശ്രീധരൻ തുടങ്ങിയർ പങ്കെടുത്തു.