bot-jty

ചങ്ങനാശേരി: ചങ്ങനാശേരി ബോട്ടുജെട്ടിയിൽ ഇടവേളകൾക്ക് ശേഷം വീണ്ടും പോള നിറഞ്ഞു.ഇതോടെ ബോട്ടുജെട്ടി മുതൽ കിടങ്ങറവരെ ജല ഗതാഗതം താറുമാറായനിലയിലാണ്. ബോട്ടു ജെട്ടിയിലും കിടങ്ങറ മുതലുള്ള ജലപാതയിൽ പോളയും നീർസസ്യങ്ങളും വളർന്ന് ബോട്ടിന് കടന്നുവരാൻ കഴിയാത്ത സ്ഥിതിയാണ്. കുട്ടനാട്ടിലേക്ക് വിവിധ സ്ഥലങ്ങളിൽ റോഡുകൾ വന്നെങ്കിലും ചില മേഖലകളിലെ ജനങ്ങൾ ഇന്നും ബോട്ടിനെയാണ് ആശ്രയിക്കുന്നത്. ബോട്ട് ജെട്ടിയിലെ പോളയും നീർസസ്യങ്ങളും എസ്.ബി കോളേജ് ബോട്ടണി വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് സ്ഥിരമായി നീക്കം ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർക്ക് നീക്കാൻ കഴിയാവുന്നതിൽ കൂടുതൽ പോള തിങ്ങി നിറയുകയാണ്. നീക്കം ചെയ്ത പോളയും മാലിന്യങ്ങളും ബോട്ട് ജെട്ടി പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇതും നീക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നുമില്ല.


ബോട്ട് ഒന്ന് മാത്രം


ഒന്നരപതിറ്റാണ്ട് മുൻപ് 13 സർവ്വീസുകൾ ഉണ്ടായിരുന്ന ബോട്ട് ജെട്ടിയാണിത്. റോഡ് സൗകര്യങ്ങൾ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് ബോട്ടുകളാണ് സർവീസ് നടത്തുന്നത്.അഞ്ച് മാസങ്ങൾക്ക് മുമ്പ് അപകടത്തെ തുടർന്ന് ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ നിന്നുള്ള രണ്ടു ബോട്ടുകളുടെ സർവീസിൽ ഒന്ന് നിലച്ചു. ഇതോടെ ജീവനക്കാരെ മറ്റ് സ്‌റ്റേഷനുകളിലേയ്ക്ക് മാറ്റി. രണ്ട് ബോട്ടുകൾ സർവീസ് നടത്തിയിരുന്നപ്പോൾ 5000 രൂപയോളം പ്രതിദിനം ലഭിച്ചിരുന്നു. ഇപ്പോൾ വരുമാനം 2000 രൂപയിലേക്ക് താഴ്ന്നു. താത്ക്കാലികമായി മറ്റൊരു ബോട്ട് ലഭ്യമാക്കിയാലെ സർവീസ് പുനരാരംഭിക്കാൻ കഴിയുകയുള്ളൂ.