
കോട്ടയം: കേരളകോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാൻ ജോസ് വിഭാഗത്തിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ചും വിധിച്ചതോടെ, പുതിയ പാർട്ടി രൂപീകരിക്കാൻ പി.ജെ. ജോസഫ് വിഭാഗം നിർബന്ധിതമായി.തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതി സിംഗിൾ ബഞ്ചും ജോസിന് അനുകൂലമായാണ് നേരത്തേ തീരുമാനമെടുത്തത്. ഡിവിഷൻ ബെഞ്ചിന്റെ വിധിയും എതിരായതോടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ജോസഫ് വിഭാഗം അടിയന്തര നേതൃയോഗം ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം ചർച്ച ചെയ്യും.പുതിയ പാർട്ടി രൂപീകരണത്തെക്കുറിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജനറൽ സെക്രട്ടറി മോൻസ് ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് (ജെ)എന്ന പഴയ പാർട്ടി കേരള കോൺഗ്രസ് -എമ്മിൽ ജോസഫ് ലയിപ്പിക്കുകയായിരുന്നു. ഇനി കേരളാ കോൺഗ്രസ്- ജെ എന്ന പേരിനോ, പുതിയ പേര് രജിസ്റ്റർ ചെയ്യാനോ അപേക്ഷ നൽകണം.
ഇടതു സർക്കാരിനെതിരെ യു.ഡി.എഫ് ആഗസ്റ്റ് 24ന് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിൽ ജോസ് വിഭാഗം നൽകിയ വിപ്പ് ലംഘിച്ചതിന് പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യക്കരാക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ജോസ് വിഭാഗം എം.എൽ.എമാർക്കെതിരെ മോൻസ് ജോസഫും കത്ത് നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയോടെ, അയോഗ്യതാ വിഷയത്തിൽ സ്പീക്കറുടെ തീരുമാനം ഉടനുണ്ടായേക്കും.
ജനശ്രദ്ധ തിരിച്ചുവിട്ടുള്ള നുണപ്രചാരണത്തിനാണ് ചിഹ്നത്തിന്റെ കാര്യത്തിൽ ജോസഫ് കോടതിയിൽ പോയതെന്ന് ജോസ് കെ. മാണി പറഞ്ഞു. ഹൈക്കോടതി വിധി കേരളകോൺഗ്രസിന് കരുത്തേകും. തങ്ങളുടെ രാഷ്ട്രീയ നിലപാട് ശരിയെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.