
കോട്ടയം: ജില്ലയിലെ പ്രധാന ചെറുകിട ബിസിനസുകളിലൊന്നായി മാറിയിരിക്കുകയാണ് കുപ്പിയിലെ കുടിവെള്ള വിതരണം. എന്നാൽ വിൽപ്പന കുതിച്ചുയരുമ്പോൾ ഗുണനിലവാര പരിശോധന ഒപ്പമെത്താതെ കിതയ്ക്കുകയാണ്. ഫലമോ, 'വിശ്വാസം, അതല്ലേ എല്ലാം' എന്ന വാചകം മന്ത്രിച്ചുകൊണ്ട് ഇതു കുടിക്കേണ്ട ഗതികേടിലാണ് പൊതുജനം.
വേനൽ കടുത്തിട്ടും ജില്ലയിൽ കുപ്പിവെള്ള പരിശോധന കാര്യക്ഷമമായിട്ടില്ല. സാധാരണ ജനുവരി പകുതി മുതൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കുന്നതാണെങ്കിലും ഇക്കുറി ഉദ്യോഗസ്ഥരെല്ലാം മറ്റു തിരക്കിലാണ്.
കുപ്പിവെള്ളത്തിന്റെ ആവശ്യം ഉയർന്നതിനാൽ വ്യാജൻമാർ തലപൊക്കുമെന്ന ആശങ്ക പൊതുജനത്തിനുമുണ്ട്. ബാറുകളും ഹോട്ടലുകളും തുറന്നതോടെ ഉണർന്ന വിപണി ചൂടൂ കൂടിയതോടെ സജീവമാണ്. സമീപ ജില്ലകളിൽ ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടിച്ചെടുക്കുമ്പോഴാണ് ജില്ലയിൽ പരിശോധന കാര്യക്ഷമമല്ലാത്തത്. പലരും വെള്ളം ശുദ്ധീകരിക്കാതെ കുപ്പികളിലാക്കുകയാണെന്ന ആക്ഷേപമുണ്ട്.
ഉദ്യോഗസ്ഥർ തിരക്കിൽ
സാധാരണ വിവിധ താലൂക്കുകളിൽ കുടിവെള്ളം പരിശോധിക്കാൻ മാത്രമായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കാറുണ്ട്. ബി.ഐ.എസ് രജിസ്‌ട്രേഷനുണ്ടെങ്കിലേ കുപ്പിവെള്ളം വിതരണം ചെയ്യാൻ കഴിയൂ. ടാങ്കറുകളിലും മറ്റും വെള്ളം വിതരണം ചെയ്യുന്നവർക്ക് ലൈസൻസ് നിർബന്ധവുമാണ്. എന്നാൽ
ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ മേള എന്നിവ നടത്തുന്ന തിരക്കിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. ഈ അവസരം മുതലാക്കുകയാണ് കുപ്പിവെള്ള മാഫിയ.
അശ്രദ്ധയ്ക്ക് കുറവില്ല
സൂര്യപ്രകാശം നേരിട്ടു കൊള്ളരുതെന്ന മുന്നറിയിപ്പ് കുപ്പിയുടെ പുറത്തുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
ചൂടേറ്റ് പ്ലാസ്റ്റിക്കിന് രാസമാറ്റം സംഭവിക്കുന്നതോടെ ഡയോക്‌സീൻ എന്ന വിഷാംശം വെള്ളത്തിൽ കലരും. ഇത് അർബുദത്തിനു കാരണമാകും. വെള്ളം വാങ്ങുമ്പോൾ ഐ.എസ്.ഐ മാർക്കും പാക്കിംഗ് തീയതിയും നോക്കണം
'' സാധാരണയുള്ള പരിശോധനയാണ് നടക്കുന്നത്. സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും''
ഭക്ഷ്യസുരക്ഷാ വിഭാഗം,കോട്ടയം