കട്ടപ്പന: വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്ന ജനറൽ ആശുപത്രിയായി കട്ടപ്പന താലൂക്ക് ആശുപത്രിയെ ഉയർത്തുമെന്ന് നഗരസഭ ബഡ്ജറ്റ് ചർച്ചയിൽ ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി. 200 കിടക്കകളും എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. പുതുതായി സ്ഥലം ഏറ്റെടുക്കാൻ പരിമിതികളുണ്ടെങ്കിലും നിലവിലുള്ള സൗകര്യം പ്രയോജനപ്പെടുത്തും. നഗരസഭ സമർപ്പിച്ച മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ 15 കോടി രൂപ ലഭിച്ചിരുന്നു. ഇനി കിട്ടാനുള്ള 25 കോടി രൂപ സർക്കാരിൽ നിന്നു ലഭ്യമാക്കി ജനറൽ ആശുപത്രിയായി ഉയർത്തും. കൂടാതെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് നടപ്പാക്കുമെന്ന് ചർച്ചയിൽ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തുന്നവരുടെ ചികിത്സ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കും. ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും മുമ്പ് ലഭ്യമാക്കിയ ചികിത്സയുടെ വിവരങ്ങൾ വേഗത്തിൽ മനസിലാക്കി സേവനം നൽകാൻ കഴിയും.
ബൈപാസ് റോഡിലെ ഹൗസിംഗ് ബോർഡിന്റെ സ്ഥലത്ത് പാർക്ക് ആരംഭിക്കാൻ വൈകുന്നതും വിമർശനത്തിനിടയാക്കി. എന്നാൽ ഹൗസിംഗ് ബോർഡിന്റെ സ്ഥലം വാങ്ങാൻ മുതൽമുടക്ക് കൂടുതലാണെന്ന് വൈസ്ചെയർമാൻ മറുപടി നൽകി. സ്ഥലം വാങ്ങി പാർക്ക് നിർമിക്കാൻ 20 കോടിയോളം ചെലവാകും. അതേസമയം സ്ഥലം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര മേഖലയ്ക്ക് വകയിരുത്തിയ തുക പരിമിതമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. എന്നാൽ ഇൻസെന്റീവും തൊഴിലുറപ്പും ഉൾപ്പെടെ 78 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അപേക്ഷിച്ച് കട്ടപ്പന നഗരസഭ ഇക്കാര്യത്തിൽ മുൻപന്തിയിലാണെന്നും ഉപാദ്ധ്യക്ഷൻ മറുപടി നൽകി.
മാലിന്യ സംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ പുളിയൻമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിനോട് ചേർന്ന് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇതിനായി 2 ഏക്കർ സ്ഥലം കൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ മികച്ച നിലവാരത്തിൽ പുനർനിർമിക്കും. കൗൺസിൽ യോഗത്തിൽ നഗരസഭാദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ അനുമതിയോടെ ബഡ്ജറ്റ് പാസാക്കി.