covid

കോട്ടയം: തിരഞ്ഞെടുപ്പിൽ ഒരു പോളിംഗ് ബൂത്തിൽ പരമാവധി ആയിരം പേർക്ക് മാത്രം വോട്ട്,

ബൂത്തുകളിൽ ബ്രേക്ക് ദ ചെയിൻ കിറ്റും മാസ്‌ക് കോർണറും, ഓരോ ബൂത്തിലും വോട്ടർമാർക്ക് ഡിസ്‌പോസിബിൾ കൈയുറകൾ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാനൊരുങ്ങുകയാണ് തിരഞ്ഞെടുപ്പ് വിഭാഗം

തിരഞ്ഞെടുപ്പിന്റെ തലേന്ന് എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കും. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും വോട്ടർമാരെ ബൂത്തിലേക്ക് കയറ്റിവിടുക.

 പത്രിക സമർപ്പണത്തിനും മുൻകരുതൽ
പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. എത്തുമ്പോൾ രണ്ടു വാഹനങ്ങളിൽ കൂടുതൽ പാടില്ല. പത്രിക സമർപ്പിക്കാനെത്തുന്നവർക്കും തെർമൽ സ്‌കാനിംഗിനു ശേഷമായിരിക്കും പ്രവേശനം. സ്ഥാനാർത്ഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം.


190 വോട്ടിംഗ് യന്ത്രങ്ങൾ കൂടി


ജില്ലയിൽ ഉപയോഗിക്കുന്നതിനായി 190 കൺട്രോൾ യൂണിറ്റുകളും 90 വി.വി പാറ്റ് യന്ത്രങ്ങളും എത്തിച്ചു. മഹാരാഷ്ട്രയിൽ നിന്ന് നേരത്തെ തൃശൂരിൽ എത്തിച്ചിരുന്ന യന്ത്രങ്ങൾ ഇന്നലെയാണ് കോട്ടയത്തേക്ക് കൊണ്ടുവന്നത്. തിരുവാതുക്കലിലെ ഇ.വി.എം വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്ന ഇവയുടെ ആദ്യഘട്ട പരിശോധന ഇന്ന് ആരംഭിക്കും.

ജില്ലയിൽ തിരഞ്ഞെടുപ്പിന് കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ 3008 എണ്ണം വീതവും 3348 വി.വി പാറ്റ് യന്ത്രങ്ങളുമാണ് ആവശ്യമുള്ളത്. 3456 ബാലറ്റ് യൂണിറ്റുകളുടെയും 2969 കൺട്രോൾ യൂണിറ്റുകളുടെയും 3321 വി.വി പാറ്റ് യന്ത്രങ്ങളുടെയും ആദ്യ ഘട്ട പരിശോധന പൂർത്തിയാക്കി.

 പരിശീലനം നാളെ
തിരഞ്ഞെടുപ്പ് വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ജീവനക്കാർക്കും മാസ്റ്റർ ട്രെയിനർമാർക്കുമുള്ള പരിശീലനം നാളെ മാമ്മൻ മാപ്പിള ഹാളിൽ നടക്കും. നിയോജക മണ്ഡലങ്ങളിലെ ട്രെയിനർമാർക്കായി ലൈവ് സ്ട്രീമിംഗ് നടത്തും.

 ഉദ്യോഗസ്ഥർക്ക് വാക്‌സിൻ
ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങി. ഇന്നലെ നഗരത്തിൽ നാലിടങ്ങളിലായി പ്രവർത്തിച്ച എട്ടു കേന്ദ്രങ്ങളിൽ 538 പേർക്ക് കോവിഷീൽഡ് വാക്‌സിൻ കുത്തിവച്ചു.

ബ്ലോക്ക്, മുനിസിപ്പൽ തലത്തിലുള്ള 28 കേന്ദ്രങ്ങളിൽകൂടി ഇന്ന് വാക്‌സിൻ വിതരണം ആരംഭിക്കും. സർക്കാർ വകുപ്പുകൾ, എയ്ഡഡ് കോളേജുകൾ, സ്‌കൂളുകൾ, എം.ജി. സർവകലാശാല, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പ്രതിരോധ മരുന്ന് നൽകുക.