പാലാ: അമ്പതാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ 26 വരെ കൊടുമ്പിടി വിസിബ് ഫഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. വിസിബിന്റെ 25ാം വാർഷികത്തോടനുബന്ധിച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ രണ്ടു മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുക.ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ജില്ലാ ടീമുകളെ പങ്കെടുപ്പിച്ച് ലീഗ് അടിസ്ഥാനത്തിൽ പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കുന്ന മത്സരമാണ് നടക്കുന്നത്. മാർച്ച് അഞ്ചിന് ഭുവനേശ്വരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും. ജോസ്.കെ മാണി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മാണി.സി കാപ്പൻ എം.എൽ.എ, പി.സി.ജോർജ് എം.എൽ.എ, തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. രാവിലെ എട്ടിനും വൈകുന്നേരം നാലിനും 5.30നും രാത്രി ഏഴിനും ദിവസേന മത്സരങ്ങളുണ്ടാവും. രക്ഷാധികാരി കുര്യാക്കോസ് ജോസഫ്, ചെയർമാൻ ജെറി ജോസഫ് തുമ്പമറ്റം, കൺവീനർ തങ്കച്ചൻ കുന്നുംപുറം എന്നിവരുടെ നേതൃത്വത്തിൽ ചാമ്പ്യൻഷിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.