2nd-mile

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ കാലവർഷത്തിൽ തകർന്ന രണ്ടാംമൈൽ ഭാഗം അപകടതുരുത്താകുന്നു.ആനച്ചാൽ രണ്ടാംമൈൽ റോഡ് ദേശിയപാതയുമായി സംഗമിക്കുന്നതിന് തൊട്ടു സമീപത്തായാണ് ദേശിയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് രണ്ടാംമൈൽ റോഡിലേക്ക് പതിച്ചിട്ടുള്ളത്.മണ്ണിടിച്ചിലിനെ തുടർന്ന് പാതയുടെ വിസ്താരം നഷ്ടമായതോടെ ഇവിടം അപകടമേഖലയായി മാറി. ഹൈറേഞ്ചിൽ കനത്ത മഞ്ഞ് മൂടുന്ന ഇടംകൂടിയാണ് രണ്ടാംമൈൽ മേഖല.മഞ്ഞ് മൂടി കാഴ്ച്ച മറയുന്നതോടെ പാതയുടെ വിസ്താരം നഷ്ടമായ വിവരം അറിയാതെ എത്തുന്ന വാഹനയാത്രികർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. കൊവിഡ് ആശങ്കയിൽ രണ്ടാംമൈൽ ആളൊഴിഞ്ഞ് കിടക്കുകയാണെങ്കിലും സഞ്ചാരികൾ എത്തിതുടങ്ങിയാൽ ഇവിടം വാഹനങ്ങളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമായി മാറും.സഞ്ചാരികളുടെ തിരക്കേറും മുമ്പെ ഇടിഞ്ഞ് പോയ ഭാഗത്ത് പുനർനിർമ്മാണം നടത്താൻ നടപടി കൈകൊള്ളണമെന്ന ആവശ്യം പ്രദേശവാസികളും വാഹനയാത്രികരും മുമ്പോട്ട് വയ്ക്കുന്നു.