
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് ടൗണിലെ മന്നാങ്കാല ജംഗ്ഷനിൽ പണികഴിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള മിനി ഓഡിറ്റോറിയത്തിന്റെയും ഓപ്പൺ സ്റ്റേജ് കം വിശ്രമകേന്ദ്രത്തിന്റെയും ശിലാസ്ഥാപനം നടത്തി. മുകൾ നിലയിൽ എയർ കണ്ടീഷനോട് കൂടിയ ഓഡിറ്റോറിയവും താഴെ ഓപ്പൺ സ്റ്റേജും വിശ്രമ കേന്ദ്രവും ടോയ്‌ലറ്റ് ബ്ലോക്കും പണികഴിപ്പിക്കും. കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു നിർവ്വഹിച്ചു.നേരത്തെ മന്നാങ്കാല ജംഗ്ഷനിൽ പഴയ പഞ്ചായത്ത് കെട്ടിടമായിരുന്നു സ്ഥിതി ചെയ്തിരുന്നത്.കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി ഡി ഷാജി, പഞ്ചായത്ത് സെക്രട്ടറി കെ. എൻ. സഹജൻ,മറ്റ് പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.