john-vattanki

കോഴിക്കോട്: ഈശോ സഭ വൈദികനും തത്വശാസ്ത്രപണ്ഡിതനുമായ ഫാദർ ജോൺ വട്ടങ്കി (89) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് 2014 മുതൽ കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ ചികിത്സയിലായിരുന്നു. സംസ്കാരം ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ നടന്നു.

കോട്ടയത്തെ പാലക്കാട്ടുമലയിലെ പരേതരായ ഉലഹന്നാന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരങ്ങൾ: പരേതരായ റോസ്, മറിയം, അന്ന, ജോസഫ്, കുര്യാക്കോസ്, തോമസ്. 1950-ൽ ഈശോസഭയിൽ ചേർന്നു. കർസിയോങ് സെന്റ് മേരീസ് കോളേജിൽ ദൈവശാസ്ത്ര പഠനത്തിനു ശേഷം അവിടെ വച്ചുതന്നെ 1963-ൽ വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദവും വിയന്നയിൽ നിന്ന് ഡോക്ടറേറ്റും നേടി.

ഷെമ്പഗന്നൂരിലെ സേക്രഡ് ഹാർട്ട് കോളേജിൽ തത്വശാസ്ത്ര അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജിൽ ഇൻഡോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1982-ൽ ഈ സ്ഥാപനം പുനെയിലെ ഡിനോബിലി കോളേജിലേക്ക് മാറ്റി. അതോടൊപ്പം പുനെയിലെ ജ്ഞാനദീപ വിദ്യാപീഠത്തിൽ ഇന്ത്യൻ തത്വശാസ്ത്രവും പഠിപ്പിച്ചു. 2011-ൽ കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഇൻഡോളജി ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ഞിരപ്പളളിയിൽ പുനഃസ്ഥാപിച്ചു. ഭാരതീയ തത്വചിന്തയിലെ ന്യായ - വൈശേഷിക ദർശനത്തിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പണ്ഡിതനായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ട്.