
കോട്ടയം: റബർ മരത്തിൽ ഗന്ധകം അടിക്കുന്നത് നിരോധിച്ചതോടെ റബർ മരങ്ങൾ വ്യാപകമായി ഉണങ്ങി തുടങ്ങി. തളിരില കൊഴിഞ്ഞുപോവാതിരിക്കാനും മരത്തെ സംരക്ഷിക്കാനുമാണ് ഗന്ധകം അടിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ റബ്ബറിന്റെ ഇലപൊഴിയുകയും തളിർക്കുകയും ചെയ്യും. ഈ സമയത്ത് മഞ്ഞും ചാറ്റൽ മഴയും ഏറ്റ് റബറിന്റെ തളിരില പൊഴിയും. ഇതോടെ മരം ഉണങ്ങിത്തുടങ്ങും. ഇതിന് പരിഹാരമായി റബ്ബർ ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് കർഷകർ മരത്തിൽ ഗന്ധകം അടിച്ച് ഇല സംരക്ഷിക്കുന്നത്.
റബർമരത്തിൽ ഗന്ധകം അടിക്കുന്നത് തടഞ്ഞ് ലോക് അദാലത്ത് ഉത്തരവിട്ടതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. ഒരു വ്യക്തി ആരോഗ്യപ്രശ്നം ചൂണ്ടിക്കാണിച്ച് തൊടുപുഴമുട്ടം ലോക് അദാലത്തിൽ നൽകിയ പരാതിയിന്മേൽ 2018ലാണ് ഗന്ധകം അടിക്കുന്നത് നിരോധിച്ചത്. അദാലത്ത് വിധി വന്നതോടെ രണ്ടു വർഷമായി ഇത് മുടങ്ങി. കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ടു വർഷമായി ഗന്ധകം അടിക്കുന്നില്ല.
ലോക് അദാലത്ത് ഉത്തരവ് നടപ്പാക്കാൻ പഞ്ചായത്തും പൊലീസും ഇടപെട്ടതോടെയാണ് പ്രശ്നം രൂക്ഷമായത്. ഗന്ധകം അടിക്കുകയും പുകയ്ക്കുന്നതും പഞ്ചായത്ത് നിരോധിച്ചിരിക്കയാണ്. നിരോധനം ലംഘിച്ചാൽ നടപടി എടുക്കുമെന്ന് പൊലീസും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കൃഷി രീതികൾ മനസിലാക്കാതെയും തങ്ങളുടെ ഭാഗം കേൾക്കാതെയുമാണ് അദാലത്തിന്റെ തീരുമാനമെന്ന് കർഷകർ ആരോപിച്ചു. ഗന്ധകപ്പൊടിയ്ക്ക് നിരോധനമില്ലെന്ന് ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. റബ്ബർ ബോർഡും സർക്കാരും ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇല്ലെങ്കിൽ റബറിന് വിലയില്ലാതെ നട്ടം തിരിയുന്ന കർഷകർക്ക് റബർമരങ്ങൾ ഉണങ്ങുന്നതോടെ കൃഷിയിൽ നിന്നും പിന്തിരിയേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. ഇടുക്കി ജില്ലയിലെ വെൺമണിയിലും തെക്കൻതോണി ഭാഗത്തും ഏക്കർകണക്കിന് റബർമരങ്ങളാണ് ഉണങ്ങിയത്.