road

കോട്ടയം: ശാസ്ത്രി റോഡ് നവീകരണം അവസാനഘട്ടത്തിൽ. രണ്ടാഴ്ചക്കുള്ളിൽ നവീകരണം പൂർത്തിയാക്കിയ റോഡിലൂടെ ആളുകൾക്ക് യാത്ര ചെയ്തു തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പഴയ റോഡ് രണ്ടടി വരെ ഉയർത്തിയാണ് നവീകരണം നടത്തുന്നത്. ഇതോടെ മഴക്കാലത്ത് റോഡിൽ പ്രത്യക്ഷപ്പെട്ടിരുന്ന വെള്ളക്കെട്ട് ഒഴിവാകും.

പബ്ലിക് ലൈബ്രറിക്ക് മുൻഭാഗം മുതൽ ലോഗോസ് ജംഗ്ഷൻ വരെ ഉയർത്തിയ ഭാഗത്തെ ടാറിംഗ് ആരംഭിച്ചു. ഈ ഭാഗങ്ങളിൽ ഓടയുടെ പണിയും നടക്കുന്നുണ്ട്. ദർശനക്ക് സമീപം കലുങ്കിന്റെ ഒരുവശത്തെ വാർക്കപ്പണി പൂർത്തിയായി. ഈ ആഴ്ചതന്നെ ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് വരെയുള്ള റോഡിന്റെ പാതിഭാഗത്തിന്റെ പണി ആരംഭിക്കും. അടുത്തയാഴ്ച ഇതിന്റെ ടാറിംഗും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒരാഴ്ചക്കുള്ളിൽ ഡിവൈഡറുടെ പണിയും പൂർത്തിയാക്കും. 13 മുതൽ 15 മീറ്റർ വരെ വീതിയിലാണ് നവീകരണം നടക്കുന്നത്. റോഡ് നവീകരണത്തിനായി ഒരു മരം മാത്രമേ മുറിക്കേണ്ടി വന്നുള്ളൂ. കെ.എസ്.ഇ.ബി വളപ്പിന് പുറത്തുനിന്ന വാകമരമാണ് മുറിച്ചുമാറ്റിയത്. പാത നവീകരണത്തിന്റെ ഭാഗമായി മരങ്ങൾ മുറിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും ഇന്നലെ ശാസ്ത്രിറോഡിൽ എത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

ഗതാഗതനിയന്ത്രണം തുടരും

ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് വരെ വലതുവശത്തെ ഭാഗത്തുകൂടി ഒറ്റവരി ഗതാഗതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ശാസ്ത്രി റോഡ് ബസ് ബേ ഭാഗത്തേക്ക് ബസുകൾക്ക് പ്രവേശിക്കാം. ഇവിടെ ബസ് കയറി ലൈബ്രറിക്ക് മുൻഭാഗത്ത് വലതുവശത്തെ ഭാഗത്തേക്ക് തിരിഞ്ഞ് പോവേണ്ടതാണ്. ലോഗോസ് ജംഗ്ഷനിൽ നിന്ന് ശാസ്ത്രി റോഡുവഴി ശീമാട്ടി റൗണ്ടാന ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചിട്ടുണ്ട്. നാഗമ്പടത്തേക്കുള്ള വാഹനങ്ങൾ ലോഗോസ് വഴി റെയിൽവേയ്ക്ക് മുന്നിലൂടെ വേണം നാഗമ്പടത്ത് എത്താൻ. വലതുവശം ഉയർത്തി പണി തുടങ്ങുമ്പോൾ ഇടതുഭാഗം വഴി ഒറ്റവരി ഗതാഗതം അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.