വെച്ചൂർ : വെച്ചൂർ ഇടയാഴം കല്ലറ റോഡരികിലും പാടശേഖരങ്ങളുടെ ഓരത്തും ജലാശയങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ യുവാക്കൾ രംഗത്ത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാത്രി വെച്ചൂർ തോട്ടാപ്പള്ളിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടു വാഹനങ്ങൾ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി പൊലിസിനു കൈമാറിയിരുന്നു. വെച്ചൂർ-കല്ലറ റോഡരികിലും വേരുവള്ളി-മാമ്പറ റോഡിന് സമീപത്തും ജലാശയങ്ങളിലും പാടശേഖരത്തിന്റെ ഓരത്തും രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി. ദുർഗന്ധം മൂലം റോഡിലൂടെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. അതേസമയം കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ചെറിയ പിഴ ഈടാക്കി പൊലീസ് വിട്ടയച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കോട്ടയം,എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നാണ് മാലിന്യം നിറച്ച ടാങ്കറുകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.