ചങ്ങനാശേരി: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ പുരസ്‌കാരം ലഭിച്ച മികച്ച കായിക പരിശീലകരെ ചങ്ങനാശേരി പൗരാവലിയും, അസംപ്ഷൻ കോളേജും, റസിഡൻസ് അസോസിയേഷനും ചേർന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു. മികച്ച കായിക അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാര ജേതാവ് അസംപ്ഷൻ കോളേജിലെ സുജ മേരി ജോർജിനേയും, സംസ്ഥാനത്തെ മികച്ച കായിക പരിശീലകനുള്ള പുരസ്‌കാരം ലഭിച്ച വോളിബോൾ പരിശീലകൻ വി.അനിൽകുമാറിനേയുമാണ് ആദരിച്ചത്. അനുമോദന യോഗം ചങ്ങനാശേരി മുനിസിപ്പൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. മധുരാജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ചെറുകുസുമം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ബീന ജിജൻ, സെൻട്രൽ ട്രാവൻകൂർ ഡവലപ്‌മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ, അസംപ്ഷൻ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബോസ് കരിമറ്റം, തോമസ് ജോൺ കോയിപ്പള്ളി, ഡോ. ജിമ്മി ജോസഫ് എന്നിവർ പങ്കെടുത്തു.