
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് തിളങ്ങാൻ തുണിമാല അവതരിപ്പിച്ച് ഖാദി ബോർഡ്. ഇതോടെ പ്ളാസ്റ്റിക് മാലകൾ ഇനി കളത്തിന് പുറത്താകും. രാഷ്‌ട്രീയ പാർട്ടികളുടെ കൊടിയുടെ നിറങ്ങളിലാണ് തുണിമാല. നൂലിന്റെ വലുപ്പം അനുസരിച്ച് 100 മുതൽ 250 രൂപവരെയാണ് വില.
ആദ്യ ഓർഡർ നൽകിയ സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിക്കുള്ള 250 ചുവപ്പൻ മാലകൾ ജില്ലാ സെക്രട്ടറി വി.എൻ. വാസവന് കൈമാറി ഖാദി ബോർഡ് ഉപാദ്ധ്യക്ഷ ശോഭനാ ജോർജ് വിതരണോദ്ഘാടനം നിർവഹിച്ചു.
മുന്നണിമാറ്റവും പുതിയ പാർട്ടിയും വിവാദ വിഷയങ്ങളുമൊക്കെയായി ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് പൊടിപാറുമെന്നതിനാൽ തുണിമാലയ്ക്ക് വൻ വില്പനയാണ് ഖാദി ബോർഡ് പ്രതീക്ഷിക്കുന്നത്.
തുണിമാല വീണ്ടും കഴുകി ഉപയോഗിക്കാം. ഉപേക്ഷിച്ചാലും മണ്ണിൽ അലിയുമെന്നതിനാൽ പരിസ്ഥിതി പ്രശ്‌നവുമില്ല. കൊവിഡ്കാലത്ത് പൊലീസ്, ആരോഗ്യ വകുപ്പുകൾ മുഖേന 2.5 കോടി മാസ്കുകൾ വിതരണം ചെയ്തു. സർക്കാരിന്റെ സൗജന്യകിറ്റിലൂടെ ഒരു കുടുംബത്തിന് രണ്ടു മാസ്കുവീതം നൽകിയെന്നും ശോഭനാ ജോർജ് പറഞ്ഞു. ഖാദി ബോർഡിന് സംസ്ഥാനത്ത് 182 വില്പനശാലകളുണ്ട്.