arun

അടിമാലി: പ്ലസ് ടു വിദ്യാർത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുവന്ന ബന്ധുവായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടപാറ വണ്ടിത്തറയിൽ അരുണാണ് ( 27) ജീവനൊടുക്കിയത്.

വെള്ളിയാഴ്ച സ്‌കൂൾ വിട്ടുവരുകയായിരുന്ന പ്‌ളസ് ടു വിദ്യാർത്ഥിനി പള്ളിവാസൽ വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മയുടെ (17) മൃതദേഹം

കണ്ടെത്തിയ കുറ്റിക്കാടിന് 600 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പുഴയോട് ചേർന്നുള്ള മാവിൽ തൂങ്ങിയ നിലയിലായിരുന്നു അരുൺ. കൃഷിയിടം നനയ്ക്കാനായി ഇന്നലെ രാവിലെ 9 ന് മോട്ടർ പ്രവർത്തിപ്പിക്കാൻ എത്തിയ ആളാണ് മൃതദേഹം കണ്ടത്.
പെൺകുട്ടിയുടെ പിതാവിന്റെ അർദ്ധ സഹോദരനാണ് അരുൺ.

ബൈസൺവാലി ഗവ.ഹയർസെക്കഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ രേഷ്മ വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളിൽ നിന്നു വീട്ടിലേക്ക് പോകുംവഴിയാണ് കുത്തേറ്റു മരിച്ചത്. വള്ളക്കടവ് പവർഹൗസ് റോഡിൽനിന്ന് നൂറടി താഴ്ഭാഗത്തായിരുന്നു മൃതദേഹം. സ്വകാര്യ ബസിൽ വള്ളക്കടവിലിറങ്ങിയ രേഷ്മ അരുണിന്റെ കൂടെ വീട്ടിലേക്ക് നടന്നു പോകുന്ന ദൃശ്യം സമീപത്തെ റിസോർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. അരുണിന്റെ രാജകുമാരിയിലുള്ള വാടക വീട് പരിശോധിച്ച പൊലീസ് കൂട്ടുകാർക്കായി എഴുതിയ 10 പേജുള്ള കത്ത് കണ്ടെടുത്തിരുന്നു.മൂന്നു വർഷമായി താനും രേഷ്മയും പ്രണയത്തിലായിരുന്നു. രേഷ്മ പിൻമാറി മറ്റൊരാളുമായി പ്രണയത്തിലായി. അതിനാൽ രേഷ്മയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യുമെന്ന് കത്തിലുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച് കൊവിഡ് പരിശോധനയ്ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അംബുജാക്ഷനാണ് അരുണിന്റെ പിതാവ് . മാതാവ് :ശാന്ത.


.