കട്ടപ്പന: വർഷങ്ങളായി ചൂഷണം നടത്തിവന്ന ഇടനിലക്കാർ തീവ്രവാദ പശ്ചാത്തലമുള്ള ചില സംഘടനകളെ കൂട്ടുപിടിച്ച് നടത്തിയ സമരം രാജ്യത്തെ യഥാർത്ഥ കർഷകർ തിരിച്ചറിഞ്ഞതായി കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യൻ. സമര രംഗത്തുണ്ടായിരുന്ന കൃഷിക്കാർ തിരികെ മടങ്ങിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഇടനിലക്കാരെ ഒഴിവാക്കിയുള്ള സ്വതന്ത്ര വിപണി വേണമെന്നത്. എന്നാൽ കർഷകരെ ചൂഷണം ചെയ്തുവന്ന ഇടനിലക്കാർ വരുമാന നഷ്ടമുണ്ടായപ്പോഴാണ് സമരവുമായി രംഗത്തെത്തിയത്. പാർലമെന്റിൽ കർഷക ബില്ലുകൾ അവതരിപ്പിച്ചപ്പോൾ അജ്ഞാത വാസത്തിലായിരുന്ന രാഹുൽ ഗാന്ധി, കേരളത്തിൽ വന്ന് ട്രാക്ടറിൽ കയറി സമരം നടത്തുന്നത് അപഹാസ്യമാണ്. ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, ഷാജി നെല്ലിപ്പറമ്പിൽ, രതീഷ് വരകുമല, എം.എൻ. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.