vkm

കോട്ടയം : നാലുപതിറ്റാണ്ടിൽ ഏറെയായിട്ടും വൈക്കം എസ്.സി.എസ്.ടി സംവരണ മണ്ഡലമായി തുടരുകയാണ്. കേരളത്തിൽ 14 സംവരണ മണ്ഡലങ്ങളാണുള്ളത്. വൈക്കത്തിന് ശേഷം വന്ന മറ്റു ജില്ലകളിലെ സംവരണ മണ്ഡലങ്ങളിൽ മാറ്റം വന്നിട്ടും വൈക്കത്തിന് മാത്രം മാറ്റമില്ല. കോട്ടയത്തെ ചില രാഷ്ട്രീയ നേതാക്കളുടെ കളിയാണ് ഇനതിനു പിന്നിലെന്നാണ് ആരോപണം. 1970 വരെ വൈക്കം ജനറൽ മണ്ഡലമായിരുന്നു. സി.പി.ഐ നേതാവ് പി.എസ്. ശ്രീനിവാസനാണ് ജനറൽ സീറ്റിൽ വൈക്കത്തു നിന്ന് അവസസാനം ജയിക്കുന്നത് 1977ലെ തിരഞ്ഞെടുപ്പിലാണ് വൈക്കം സംവരണ മണ്ഡലമായ് മാറിയപ്പോൾ എം.കെ.കേസവനായിരുന്നു ജയം. ഇടുക്കി ജില്ല രൂപീകരിക്കുന്നതിനു മുമ്പ് 1970വരെ പീരുമേട് മണ്ഡലമായിരുന്നു കോട്ടയത്തെ എസ്.സി മണ്ഡലമായ് അറിയപ്പെട്ടിരുന്നത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ കണക്കെടുത്താൽ ജനസഖ്യാനുപാതികമായി വൈക്കത്തിലും കൂടുതൽ വോട്ടർമാരുള്ളത്. പഴയ സംവരണ മണ്ഡലമായ പീരുമേടിനോട് ചേർന്നു കിടക്കുന്ന കാഞ്ഞിരപ്പള്ളിയിലാണ്. വിവിധ വിഭാഗത്തിലുള്ള ആദിവാസികളും ഇവിടെ ഏറെയാണ്. യു.ഡി.എഫിന് ഏറെ സ്വാധീനവും കോൺഗ്രസ് ,കേരളകോൺഗ്രസ് പാർട്ടികളുടെ കുത്തകയും അവകാശപ്പെടുന്ന കാഞ്ഞിരപ്പള്ളി സംവരണ മണ്ഡലമാക്കാൻ താത്പര്യം കാട്ടാതിരിക്കുന്നതാണ് വൈക്കം 43 വർഷമായി സംവരണ മണ്ഡലമായി തുടരാൻ കാരണമായി പറയുന്നത്. ഇടതുമുന്നണിയ്ക്ക് വൈക്കത്ത് ഏറെ സ്വാധീനമുള്ളതിനാൽ സംവരണ മണ്ഡലം മാറ്റാൻ അവരും താത്പര്യം കാട്ടുന്നില്ല. സ്വാധീന കുറവുള്ളതിനാൽ ജനറലാക്കാൻ യു.ഡി.എഫും മുൻകൈ എടുക്കുന്നില്ല.

യു.ഡി.എഫിൽ ഇറക്കുമതി സ്ഥാനാർത്ഥികൾ

വൈക്കം സംവരണ സീറ്റിൽ നാട്ടുകാരായ മികച്ച സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ കോൺഗ്രസ് പലപ്പോഴും ഇറക്കുമതി സ്ഥാനാർത്ഥികളെയാണ് ഇവിടെ പരിഗണിക്കുന്നത്. 1977ൽ സംവരണ മണ്ഡലമായ ശേഷം 1991ൽ കോൺഗ്രസ് ഇറക്കുമതി സ്ഥാനാർത്ഥിയായ കെ.കെ.ബാലകൃഷ്ണനാണ് വിജയിച്ചത്. പിന്നീട് പല ഇറക്കുമതി സ്ഥാനാർത്ഥികളെ പരീക്ഷിച്ചെങ്കിലും യു.ഡി.എഫിന് ജയിപ്പിക്കാനാവാതെ ഇടതുകോട്ടയായി വൈക്കം ഇന്നും തുടരുകയാണ്.

ജന്മനാട്ടിൽ മത്സരിക്കാനാകാതെ

വൈക്കം സംവരണ മണ്ഡലമായതിനാൽ ജനറൽ വിഭാഗത്തിലുള്ള പല പ്രമുഖ നേതാക്കൾക്കും ജന്മനാട്ടിൽ മത്സരിക്കാൻ കഴിയാതെ മറ്റു മണ്ഡലങ്ങളിൽ മത്സരിക്കേണ്ടി വരുന്നു. വൈക്കം വിശ്വൻ അടക്കം പ്രമുഖർ എം.എൽഎമാരായതും ജന്മനാട്ടിൽ മത്സരിക്കാതെയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരത്തേ അടൂരിലായിരുന്നു പല തവണ മത്സരിച്ചത്. അടൂർ സംവരണ മണ്ഡലമായതോടെയാണ് തിരുവഞ്ചൂർ കോട്ടയത്ത് എത്തിയത്.