ksrtc

കോട്ടയം : ഒരുവിഭാഗം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. ജില്ലയിൽ എല്ലാ ഡിപ്പോകളിലും പത്തിൽ താഴെ സർവീസുകളാണ് നടത്തിയത്. ടി.ഡി.എഫ്, കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു 24 മണിക്കൂർ പണിമുടക്ക്. കോട്ടയം ഡിപ്പോയിൽ സാധാരണ 56 സർവീസാണ് ഓപ്പറേറ്റ് ചെയ്തിരുന്നതെങ്കിൽ, ഇന്നലെ സർവീസ് നടത്തിയത് ആറെണ്ണം മാത്രം. വൈറ്റിലയ്ക്കും കൊട്ടാരക്കരയ്ക്കും രണ്ടും കുമളി, മുണ്ടക്കയം റൂട്ടിൽ ഓരോന്നും. ചങ്ങനാശേരിയിൽ ഒരു സർവീസും ഓപ്പറേറ്റ് ചെയ്തില്ല. ഈരാറ്റുപേട്ടയിൽ രണ്ടെണ്ണം. പണിമുടക്ക് വിവരമറിയാതെ പുലർച്ചെ മുതൽ തിരുവനന്തപുരത്തിനും മറ്റും പോകാനെത്തിയവർ സ്റ്റാൻഡുകളിൽ കുടുങ്ങി. മുൻകൂട്ടി റിസർവ് ചെയ്യാത്തതിനാൽ ട്രെയിൻ യാത്രയും നടന്നില്ല. തിരുവനന്തപുരം, തൃശൂർ, ചേർത്തല, കുമളി റൂട്ടിലാണ് കോട്ടയത്തു നിന്ന് യാത്രാ ക്ലേശം രൂക്ഷമായത്. ചങ്ങനാശേരി - ആലപ്പുഴ, തിരുവല്ല ഭാഗങ്ങളിലേക്ക് പോകേണ്ടവരും വലഞ്ഞു.