ദേവികുളം : ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2021 -22 വാർഷിക പദ്ധതിയിൽ പ്രാദേശിക ടൂറിസം വികസനത്തിന് തുക അനുവദിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടം അടുത്തുനിന്ന് അപകടരഹിതമായി ആസ്വദിക്കുന്നതിന് പവലിയൻ നിർമ്മിക്കുതിന് പത്തു ലക്ഷം രൂപയും പെരുമ്പൻകുത്ത് തടാകത്തിൽ പെഡൽ ബോട്ട് സർവ്വീസ് ആരംഭിക്കുന്നതിന് ചെക്കുഡാം പണിയുന്നതിന് പതിനഞ്ചു ലക്ഷം രൂപയും പെഡൽ ബോട്ടും അനുബന്ധ സുരക്ഷിത ഉപകരണങ്ങളും വാങ്ങുതിന്നന് അഞ്ചു ലക്ഷം രൂപയും പെരുമ്പൻകുത്ത് തടാകത്തിന് സമീപം വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കുതിനുവേണ്ടി ടെയ്ക്ക് എ ബ്രേക്ക് പണിയുന്നതിന് ഇരുപതുലക്ഷം രൂപയുടേയും പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. പദ്ധതികൾക്ക് ജല്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചുവെന്ന് പ്രസിഡന്റ് ആനന്ദറാണി, വൈസ് പ്രസിഡന്റ് എൻ.ആർ ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പ്രവീൺ ജോസ് എന്നിവർ അറിയിച്ചു.
വളരെ വേഗം വളർന്നു വരുന്ന ടൂറിസം കേന്ദ്രമായ മാങ്കുളത്ത് പ്രതിദിനം സാധാരണ ദിവസങ്ങളിൽ അഞ്ഞൂറിലധികം ആളുകളും അവധി ദിവസങ്ങളിൽ ആയിരത്തിലധികം ആളുകളും എത്താറുണ്ടെങ്കിലും ടൂറിസം രംഗത്ത് അടിസ്ഥാനവികസനത്തിന്റെ അപര്യാപ്തത രൂക്ഷമായിരുന്നു. പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ പെരുമ്പൻകുത്തിന്റെ അടിസ്ഥാന വികസനം പൂർത്തിയാക്കുവാൻ പ്രസ്തുത പദ്ധതികൊണ്ട് സാധിക്കുമെന്നും വരും വർഷങ്ങളിൽ പഞ്ചായത്തിലെ മറ്റു ടൂറിസം കേന്ദ്രങ്ങളുടെയും വികസനത്തിനായി ഫണ്ട് മാറ്റിവയ്ക്കുമെന്നും ഡിവിഷൻ പ്രതിനിധി പ്രവീൺ ജോസ് അറിയിച്ചു. വന്യമൃഗ ശല്യംമൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്വ ടൂറിസത്തിന്റ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിച്ചാൽ മാങ്കുളത്തെ സാധാരണ ജനങ്ങൾക്ക് വരുമാന സ്രോതസായി ടൂറിസം മാറുമെന്ന് മാങ്കുളത്തെ ഹോംസ്റ്റേ അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.