പാലാ : ബസിൽ യുവതിയെ ഉപദ്രവിച്ച കേസ് ഒതുക്കിയ പാലാ പൊലീസിന്റെ നടപടി വിവാദമാകുന്നു. തിങ്കളാഴ്ച രാത്രി 8 മണിയോടെ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് സംഭവം. കുമളിയിൽ നിന്നും കൊന്നക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു പീഡനശ്രമം. ബസ് പൈക ഭാഗത്തെത്തിയപ്പോൾ അടുത്തിരുന്ന മധ്യവയസ്‌കൻ തന്നെ ശരീരികമായി ഉപദ്രവിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ബസിൽ വച്ചു തന്നെ യുവതി ഫോണിൽ പൊലീസിനെ പരാതി അറിയിച്ചു. ബസ് പാലാ ഡിപ്പോയിൽ എത്തിയപ്പോഴേക്കും പൊലീസ് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുകയായിരുന്നു. ബസിൽ നിന്ന് യുവതിയെയും മധ്യവയസ്‌കനെയും പൊലീസ് വിളിച്ചിറക്കി. വിശദമായ പരാതി എഴുതിക്കൊടുക്കാൻ യുവതിയോട് സ്റ്റേഷനിലേക്ക് എത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇത് നിരസിക്കുകയായിരുന്നു. തനിക്ക് പരാതിയില്ലെന്നും യാത്ര തുടരാൻ അനുവദിക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.

തുടർന്ന് മധ്യവയസ്‌കനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന കേസ് മാത്രമെടുത്ത് ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു. കെഎസ്ആർടിസിയിലെ മറ്റ് യാത്രക്കാരും ജീവനക്കാരും നോക്കിനിൽക്കെയാണ് പൊലീസിന്റെ നടപടി. വാഴൂർ സ്വദേശിയായ മാത്യുവിനെതിരെ(45) പൊലീസ് ആക്ട് 118ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. യുവതി പരാതിയില്ലെന്ന് അറിയിച്ചത് മൂലമാണ് പീഡനത്തിന് കേസെടുക്കാത്തതെന്നും പാലാ പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തെപ്പറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കൊന്നക്കാട്ടേക്ക് യാത്ര ചെയ്യുന്ന യുവതിയെ ഫോണിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.