boatjetty

ചങ്ങനാശേരി: പടിഞ്ഞാറൻ നിവാസികളുടെ യാത്രാമാർഗ്ഗമായിരുന്ന ചങ്ങനാശേരി ബോട്ടു ജെട്ടിയിൽ ഇടവേളകൾക്ക് ശേഷം വീണ്ടും പോള നിറഞ്ഞു. പോള കയറിയതിനെത്തുടർന്ന് ബോട്ടുജെട്ടി മുതൽ കിടങ്ങറവരെ ജല ഗതാഗതവും താറുമാറായി. ബോട്ടു ജെട്ടിയിലും ബോട്ടു കടന്നു വരുന്ന കിടങ്ങറ മുതലുള്ള ജലപാതയിൽ പോളയും നീർസസ്യങ്ങളും വളർന്ന് ബോട്ടിന് കടന്നു വരാനാകാത്ത നിലയിലായി. കുട്ടനാട്ടിലേക്കു വിവിധ സ്ഥലങ്ങളിൽ റോഡുകൾ വന്നെങ്കിലും ചില മേഖലകളിലെ ജനങ്ങൾ ഇന്നും ബോട്ടിനെ ആശ്രയിച്ചാണ് സഞ്ചാരം. മഴക്കാലത്ത് കരയിലേക്കു എത്തുവാൻ ബോട്ടിനെയാണ് ഇവർ കൂടുതലായും ആശ്രയിക്കുന്നത്. നഗരത്തിലേക്കു പ്രവേശിക്കുവാൻ കുട്ടനാട്ടിലെ യാത്രക്കാർക്ക് ഏക ആശ്രയമാണ് ചങ്ങനാശേരി ജെട്ടി.

കഴിഞ്ഞയിടെ ജെട്ടിയിലെ പോളയും നീർസസ്യങ്ങളും പൂർണ്ണമായി നീക്കം ചെയ്യുകയും നിർത്തിവച്ചിരുന്ന സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. എസ്.ബി കോളേജ് ബോട്ടണി വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ശുദ്ധീകരണം. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർക്ക് നീക്കാൻ കഴിയാവുന്നതിൽ കൂടുതൽ പോള തിങ്ങി നിറഞ്ഞതോടെയാണ് ജലഗതാഗതത്തിന് ഭീഷണി ഉയർന്നത്. നീക്കം ചെയ്ത പോളയും മാലിന്യങ്ങളും ബോട്ട് ജെട്ടി പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇതും നീക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായിട്ടില്ല.

ഇല്ലാതാകുമോ ജലഗതാഗതം?

ഒന്നരപതിറ്റാണ്ട് മുൻപ് 13 സർവ്വീസുകൾ ഉണ്ടായിരുന്ന ബോട്ട് ജെട്ടിയാണിത്. റോഡ് സൗകര്യങ്ങൾ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് ബോട്ടുകളാണ് സർവ്വീസ് നടത്തുന്നത്. ഇതിൽ ഒരു ബോട്ട് സർവീസ് നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. അഞ്ച് മാസങ്ങൾക്ക് മുമ്പ് അപകടത്തെ തുടർന്നാണ് ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ നിന്നുള്ള രണ്ടു ബോട്ടുകളുടെ സർവീസിൽ ഒന്ന് നിലച്ചത്. സർവ്വീസ് നിലച്ചതോടെ മറ്റ് ജീവനക്കാരെ മറ്റ് സ്‌റ്റേഷനുകളിലേയ്ക്ക് മാറ്റി. രാവിലെ 7.30ന് ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിയിലെത്തുന്ന ബോട്ട് 7.45ന് കാവാലത്തിന് പുറപ്പെടും. തുടർന്ന് 12.30ന് ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തി ആലപ്പുഴയ്ക്ക് പോവും. പിറ്റേദിവസം രാവിലെ 7.30ന് ചങ്ങനാശേരിയിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടു ബോട്ടു സർവീസുകൾ ഉള്ളപ്പോൾ 9.15ന് ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിയിലേക്കും 4.45ന് ആലപ്പുഴയിലേക്കും സർവീസ് നടത്തിയിരുന്നു. രണ്ട് ബോട്ടുകൾ സർവീസ് നടത്തിയിരുന്നപ്പോൾ 5000 രൂപയോളം പ്രതിദിനം ലഭിച്ചിരുന്നു. ഇപ്പോൾ ഒരു ബോട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും 2000 രൂപ വരുമാനമേ ലഭിക്കുന്നുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. താൽക്കാലികമായി മറ്റൊരു ബോട്ട് ലഭ്യമാക്കിയാലെ സർവ്വീസ് പുനരാരംഭിക്കാൻ കഴിയുകയുളളൂ.