overbridge

കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചുനീക്കിയ റബർ ബോർ‌ഡിന് സമീപത്തെ ഓവർ ബ്രിഡ്ജിന്റെ പണി മെയ് അവസാനത്തോടെ പൂർത്തിയാക്കും. രണ്ടു വർഷം മുമ്പാണ് പാലം പൊളിച്ചുനീക്കിയത്. ഗർഡറുകൾ എത്താതിരുന്നതിനെ തുടർന്ന് പാലത്തിന്റെ പണി ഇപ്പോൾ സ്തംഭനാവസ്ഥയിലാണ്. ഗർഡറുകൾ മാർച്ച് പകുതിയോടെ എത്തുന്നതോടെ പാലം പണിക്ക് വേഗതയേറും.

ഈ വർഷം അവസാനത്തോടെ പാത ഇരട്ടിപ്പ് പൂർത്തിയാക്കി പുതിയ പാളത്തിലൂടെ സർവീസ് ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. ചിങ്ങവനം-ഏറ്റുമാനൂർ പാതയാണ് ഇനി പൂർത്തിയാവാനുള്ളത്. നീലിമംഗലം പാലത്തിന്റെ പണി പുരോഗമിച്ചു വരികയാണ്. കൊടൂരാറിനു കുറുകെയുള്ള പാലത്തിന്റെ പണിയും അതിവേഗം പുരോഗമിക്കുകയാണ്.

2019 ജനുവരി 15നാണ് റെയിൽവേ സ്റ്റേഷൻ -കഞ്ഞിക്കുഴി മദർ തെരേസ റോഡിൽ ഗതാഗതം നിരോധിച്ച് ജോലി ആരംഭിച്ചത്. പാലം പുതുക്കിപ്പണിയുന്നതിന് മുന്നോടിയായി സമീപത്തെ ജലസംഭരണി പൊളിച്ചുമാറ്റിയിരുന്നു. മുള്ളൻകുഴി പാലത്തിന് സമീപമാണ് പുതിയ സംഭരണി നിർമ്മിച്ചത്. ഇതോടൊപ്പം പാലത്തിലൂടെയുള്ള ടെലിഫോൺ കേബിളുകളും മാറ്റി സ്ഥാപിച്ചിരുന്നു.

ഓവർ ബ്രിഡ്ജ് പൈലിംഗ് 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം കോൺക്രീറ്റും ആരംഭിക്കും. കെ.കെ.റോഡിന് സമാന്തരമായി നഗരത്തിൽ നിന്നും കഞ്ഞിക്കുഴിയിൽ എത്താൻ കഴിയുന്ന തടസമില്ലാത്ത വഴിയാണ് റെയിൽവേ സ്റ്റേഷൻ-കഞ്ഞിക്കുഴി മദർ തെരേസ റോഡ്. ഓവർ ബ്രിഡ്ജ് പൊളിച്ചതോടെ കെ.കെ.റോഡിൽ തിരക്കും ഗതാഗതക്കുരുക്കും നിത്യസംഭവമായി. റബർ ബോർഡ് ഭാഗത്തെ ഗതാഗതം വഴി തിരിച്ചുവിടാനുള്ള സംവിധാനമില്ല. കീഴുകുന്ന് എ.ആർ. ക്യാമ്പ്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലേക്കും റെയിൽവേ സ്റ്റേഷൻ, ജില്ലാ ജയിൽ, ലോഗോസ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും റബർ ബോർഡ് ഭാഗത്തുനിന്നുള്ള യാത്രയും ഇപ്പോൾ ബുദ്ധിമുട്ടിലാണ്.