ksrtc

കോട്ടയം : കഴിഞ്ഞ ദിവസം നടന്ന കെ.എസ്.ആർ.ടി.സി പണിമുടക്കുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ ബാക്കിയെന്നോണം കോട്ടയം ഡിപ്പോയിൽ യാത്രക്കാരുടെ മുന്നിൽ സി.ഐ.ടി.യു പ്രവർത്തകരുടെ കൊലവിളിയും തെറിയഭിഷേകവും. പണിമുടക്കിന് ആഹ്വാനം ചെയ്ത ഐ.എൻ.ടി.യു.സി അനുകൂല സംഘടനാ ഭാരവാഹികൾക്കെതിരെ ഇന്നലെ സി.ഐ.ടി.യു പ്രവർത്തകർ സംഘടിച്ചതാണ് സംഘർഷത്തിന്റെ വക്കിലെത്തിയത്. പൊലീസ് നോക്കിനിൽക്കേ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരുടെ മുന്നിലായിരുന്നു തെറിവിളിയും വീട്ടിൽക്കയറി വെട്ടുമെന്നതടക്കമുള്ള ഭീഷണിയും.

ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ഐ.എൻ.ടി.യു.സി, ബി.എം.എസ് അനുകൂല സംഘടനകൾ നടത്തിയ പണിമുടക്കിൽ സി.ഐ.ടി.യു അനുകൂല യൂണിയനിൽപ്പെട്ടവരുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെതിരെ ഇന്നലെ പ്രതിഷേധിക്കാനെത്തിയ സി.ഐ.ടി.യു അനുകൂല സംഘടനാ പ്രവർത്തകരാണ് ഡ്യൂട്ടിലുണ്ടായിരുന്ന കണ്ടക്ടർക്ക് നേരെ തെറിയഭിഷേകവും കൊലവിളിയും നടത്തിയത്. പലതവണ പരസ്യമായി തെറിവിളിച്ച യൂണിയൻ പ്രവർത്തകർ തലകൊയ്യുമെന്നതടക്കമുള്ള കൊലവിളി മുദ്രാവാക്യവും വിളിച്ചു. കൈയേറ്റശ്രമമുണ്ടായെങ്കിലും പൊലീസും മറ്റുള്ളവരും ഇടപെട്ട് തടസപ്പെടുത്തി. ഈ സമയം ബസ് കാത്തു നിന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാർ പേടിച്ചരണ്ടു. സംഘർഷം ഭയന്നു പലരും സ്വകാര്യ ബസ് സ്റ്റാൻഡുകളിലേയ്ക്കും പോയി.