കോട്ടയം : കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജനറൽ ആശുപത്രി വളപ്പിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചതോടെ കെ.കെ റോഡിൽ വൻഗതാഗതക്കുരുക്ക്. ശാസ്ത്രി റോഡിലെ അറ്റകുറ്റപണികൾ കൂടി ആരംഭിച്ചതോടെ കുരുക്ക് രൂക്ഷമായി. ആശുപത്രിയിൽ എത്തുന്നവർ വാഹനങ്ങൾ ആശുപത്രിയ്‌ക്ക് പുറത്ത് റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ആശുപത്രിയുടെ മതിൽക്കെട്ടിനോട് ചേർന്ന് ഒരു വശത്ത് ഓട്ടോ സ്റ്റാൻഡും, മറുവശത്ത് ആംബുലൻസ് പാർക്കിംഗുമാണ്. ഈ സ്ഥലത്ത് തന്നെ വേണം വാഹനങ്ങൾ പാർക്ക് ചെയ്യാനും. ഇതോടെ ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും റോഡിലേയ്‌ക്ക് കയറ്റി പാർക്ക് ചെയ്യുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബസേലിയസ് കോളേജിന് മുന്നിലെ സിഗ്നൽ ലൈറ്റ് ഓഫ് ചെയ്‌ത് പൊലീസുകാർ നിന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ശാസ്ത്രി റോഡിലൂടെ പോകേണ്ട വാഹനങ്ങൾ ജനററൽ ആശുപത്രിയ്‌ക്ക് പിന്നിലെ ഇടവഴിയിലൂടെ കയറി കെ.കെ റോഡിലേയ്‌ക്ക് എത്തുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
ഞങ്ങൾ എവിടെ പാർക്ക് ചെയ്യും
ആശുപത്രിയിൽ എത്തുന്ന ആളുകൾ എവിടെ വാഹനം പാർക്ക് ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്തിയിട്ടും ആശുപത്രിയ്‌ക്കുള്ളിൽ വാഹന പാർക്കിംഗ് ഇനിയും അനുവദിച്ചിട്ടില്ല. നേരത്തെ കുടുംബശ്രീയാണ് പാർക്കിംഗ് ഫീസ് പിരിച്ചിരുന്നത്.