chry

കോട്ടയം : സമുദായത്തോട് ആലോചിക്കാതെ സ്ഥാനാർത്ഥികളെ തീരുമാനിക്കരുതെന്ന് യു.ഡി.എഫിന് കർശന നിർദ്ദേശവുമായി ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം രംഗത്തെത്തിയതോടെ മണ്ഡലത്തിലെ സീറ്റ് ചർച്ച കീറാമുട്ടിയാകുന്നു. കരുതൽ പാലിച്ച് സഭയ്ക്ക് അനുയോജ്യനായ സ്ഥാനാർത്ഥികളെ നിറുത്താനാണ് എൽ.ഡി.എഫിന്റെയും ശ്രമം. ഇടതുമുന്നണിയിൽ ജനാധിപത്യ കേരളകോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ചങ്ങനാശേരിയെങ്കിലും കേരളകോൺഗ്രസ് ജോസ് വിഭാഗവും സീറ്റിനായി പിടിമുറുക്കി. യു.ഡി.എഫിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗവും കോൺഗ്രസും ഒരേ പോലെ ചങ്ങനാശേരിക്കായി സമ്മർദ്ദം ചെലുത്തുന്നു. എൻ.ഡി.എയിൽ ബി.ജെ.പി നേതാക്കളുടെ കൂട്ടയിടിയാണ് തലവേദന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളകോൺഗ്രസിലെ ഡോ.കെ.സി ജോസഫായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എഫ്.തോമസിന്റെ ലീഡ് 1849 വോട്ടായി കുറച്ച് കനത്ത വെല്ലുവിളി ഉയർത്താൻ കെ.സി ജോസഫിന് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ കെ.സി ജോസഫിന് സീറ്റ് ഉറപ്പില്ല. ജോസ് വിഭാഗം സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിൽ ജോബ് മൈക്കിൾ പ്രചാരണം തുടങ്ങി കഴിഞ്ഞു. സി.എഫിന്റെ സിറ്റിംഗ് സീറ്റ് വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടിലാണ് ജോസഫ്. സി.എഫിന്റെ മകൾ അഡ്വ.സിനി തോമസ് ,സഹോദരനും നഗരസഭ ചെയർമാനുമായിരുന്ന സാജൻ ഫ്രാൻസിസ് എന്നിവർക്ക് പുറമേ വി.ജെ.ലാലിയും സ്ഥാനാർത്ഥി പരിഗണനയിൽ ഉണ്ട്. ഇരിക്കൂർ വിട്ടുവരുന്ന കെ.സി ജോസഫിന് സുരക്ഷിത സീറ്റായി ഉമ്മൻചാണ്ടി ചങ്ങനാശേരിയെയാണ് കാണുന്നത്. ഇടയ്ക്ക് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നിരുന്നു. ബി.ജെ.പിയിൽ സീറ്റിനായി രണ്ട് ചങ്ങനാശേരിക്കാർ രംഗത്തുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ അഡ്വ.ജി.രാമൻ നായർ, സംസ്ഥാന സെക്രട്ടറിയും കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടറുമായ അഡ്വ.ബി.രാധാകൃഷ്ണമേനോൻ, ഡോ.ജെ.പ്രമീളാദേവി തുടങ്ങിയവരുടെ പേരാണ് ഉയരുന്നത്.

സഭയുടെ നിർദ്ദേശം ഇങ്ങനെ

സഭയ്ക്ക് കൂടി സ്വീകാര്യനായ ആളെ വേണം മത്സരിപ്പിക്കാൻ

സമുദായവിരുദ്ധർ സമുദായ ലേബലിൽ മത്സരിക്കരുത്