കാഞ്ഞിരപ്പള്ളി: ഡാലി എന്ന ചിത്രകാരിയെ കാണാൻ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. മറ്റാരുമല്ല സാമൂഹിക പ്രവർത്തകനും, ബിസിനസുകാരനുമായ സാക്ഷാൽ ബോബി ചെമ്മണ്ണൂർ: ഡാലി ജോസഫ് വരച്ച തന്റെ ഛായാചിത്രം നേരിട്ടു വാങ്ങാനാണ് ബോബി കോവിൽകടവിലെ അഞ്ചനാട്ടുവീട്ടിലെത്തിയത്. ബോബിയെത്തിയതറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരുമടങ്ങുന്ന വൻസംഘം തന്നെ അവിടെയെത്തി. 54 കാരി ഡാലി ജോസഫ് ജീവിതമാർഗമായിട്ടാണ് ചിത്രരചന തുടങ്ങിയത്. സ്വകാര്യ സ്കൂളിൽ ചിത്രരചന അദ്ധ്യാപിക എന്നതിലുപരി കുട്ടികളെ വീടുകളിലെത്തി ചിത്രരചന പഠിപ്പിച്ചു ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഡാലിയും രോഗിയായ മാതാവും ഉൾപ്പെടുന്ന കുടുംബം കഴിയുന്നത്. ഡാലി വരച്ച ബോബിയുടെ ചിത്രത്തിന് സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചാരം ലഭിച്ചിരുന്നു. വരച്ച ചിത്രം നേരിട്ട് ബോബി ചെമ്മണ്ണൂരിനെ ഏൽപ്പിക്കണം എന്ന ഡാലിയുടെ ആഗ്രഹമറിഞ്ഞ് ബോബി നേരിട്ടെത്തുകയായിരുന്നു. ബോബിയെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.തങ്കപ്പൻ, അംഗങ്ങളായ പി.എ ഷെമീർ, ബിജു പത്യാല എന്നിവർ ചേർന്ന് സ്വീകരിച്ചു. ഡാലിയോട് ചിത്രവും ഏറ്റുവാങ്ങി സമ്മാനവും നല്കി നന്ദിയും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.