മുണ്ടക്കയം: ടൗണിലെ കച്ചവട സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യം ശേഖരിക്കാൻ ഹരിതകർമ്മസേന സജ്ജമാകുന്നു. ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ,വ്യാപാരികൾ എന്നിവരുടെ യോഗത്തിൽ മാലിന്യ സംസ്‌കരണത്തിനായി വിവിധ പദ്ധതികൾക്ക് രൂപംനൽകി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ എല്ലാ ദിവസവും രാവിലെ ഹരിതകർമ്മ സേനാംഗങ്ങൾ കടകളിൽ എത്തിയും, വീടുകളിൽ മാസത്തിൽ ഒരിക്കലെത്തിയും ശേഖരിക്കും. ഇവ കോസ് വേയിലെ മാർക്കറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പണികഴിപ്പിച്ചിട്ടുള്ള എം.സി.എഫിൽ എത്തിച്ച് തരം തിരിച്ചു ക്ലീൻകേരള കമ്പനിക്ക് കൈമാറും.
ആലോചനായോഗത്തിൽ പ്രസിഡന്റ് രേഖാ ദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദിലീഷ്,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി.വി. അനിൽകുമാർ, ബിൻസി, പ്രസന്ന, അംഗങ്ങളായ കെ.എൻ സോമരാജൻ, ജോമി, ലിസ്സി ,ഷീബാ,ജാൻസി, സിനിമോൾ,രാജേഷ്,റേച്ചൽ,ഷീല,സൂസമ്മ, ഷിജി,സെക്രട്ടറി ഗിരിജ അയ്യപ്പൻ,അസി.സെക്രട്ടറി രമേശ്,ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ,വി.ഇ. ഒ.ജോബി,സി ഡി.എസ് ചെയർപേഴ്‌സൻ പ്രമീള ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ആർ.സി നായർ, വ്യാപാരി സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി നെജിബ് എന്നിവർ പങ്കെടുത്തു.