
കാട്ടുപന്നി പേടിയിൽ മുണ്ടക്കയത്തെ റബർ ടാപ്പിംഗ് തൊഴിലാളികൾ
മുണ്ടക്കയം ഈസ്റ്റ്: എങ്ങനെ പുറത്തിറങ്ങും.... മുണ്ടക്കയം മേഖലയിലെ റബർ ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ ആശങ്കയുടെ മുൾമുനയിലാണ്.
മുപ്പത്തിയഞ്ചാം മൈൽ ബോയിസ് എസ്റ്റേറ്റിൽ ഒരാഴ്ചയ്ക്കിടെ ദമ്പതികൾ ഉൾപ്പെടെ 3 പേർക്കാണ് കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ റബർ ടാപ്പിംഗിനിടെയാണ് കാലായിൽ ടി.ജി.സുരേഷിന് പന്നിയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഒരാഴ്ച മുമ്പ് എസ്റ്റേറ്റ് റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ കാട്ടുപന്നി അക്രമിച്ചിരുന്നു. പുലർച്ചെയോടെയാണ് തൊഴിലാളികൾ റബർ ടാപ്പിംഗിനായി തോട്ടത്തിലെത്തുന്നത്. മൂടൽമഞ്ഞ് മൂലം പുലർച്ചെ തോട്ടങ്ങളിൽ വെളിച്ചം നന്നേ കുറവാണ്. തൊട്ടടുത്ത് എത്തിയ ശേഷമാണ് പന്നിയുടെ സാന്നിദ്ധ്യം തൊഴിലാളികൾ തിരിച്ചറിയുന്നത്. പലപ്പോഴും പന്നിയുടെ അക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെടുന്നത്.
അധ്വാനം വെറുതെയായി
കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. കപ്പയും,വാഴയുമെല്ലാം ഒറ്റ രാത്രികൊണ്ട് നിലംപരിശാക്കുന്ന അവസ്ഥ. കാട്ടുമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് തുച്ഛമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്. നാശനഷ്ടം ലഭിക്കണമെങ്കിൽ നൂലാമാലകൾ വേറെയും. ഇതുമൂലം കർഷകരിൽ ഭൂരിഭാഗവും നഷ്ടപരിഹാര തുക ലഭിക്കുന്നതിൽ നിന്നും പിൻമാറും. നഷ്ടപരിഹാര തുക ഉയർത്തണമെന്നും നടപടിക്രമങ്ങൾ ലഘുകരിക്കണമെന്നാവശ്യം ശക്തമാണ്.