
മുണ്ടക്കയം ഈസ്റ്റ് : കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി മുപ്പത്തിയഞ്ചാം മൈൽ ബോയിസ് എസ്റ്റേറ്റിൽ റബർ ടാപ്പിംഗ് തൊഴിലാളികൾ. ഒരാഴ്ചയ്ക്കിടെ ദമ്പതികൾ ഉൾപ്പെടെ 3 പേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ടാപ്പിംഗിനിടെയാണ് കാലായിൽ ടി.ജി.സുരേഷിന് പന്നിയുടെ ആക്രമണത്തിൽ കാലിന് ഗുരുതര പരിക്കേറ്റത്. ഇതിന് മുമ്പ് എസ്റ്റേറ്റ് റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളും ആക്രമണത്തിനിരയായി. പുർച്ചെയോടെയാണ് തൊഴിലാളികൾ റബർ ടാപ്പിംഗിനായി തോട്ടത്തിലെത്തുന്നത്. ഈ സമയം കടുത്ത മൂടൽമഞ്ഞായതിനാൽ വെളിച്ചം കുറവാണ്. കാട്ടുപന്നി അടുത്ത് എത്തിയ ശേഷമാണ് അറിയാൻ സാധിക്കുക. പലപ്പോഴും തലനാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെടുന്നത്.
കൃഷിയും നശിപ്പിക്കുന്നു
എസ്റ്റേറ്റിന് പുറത്തുള്ള കൃഷിയിടങ്ങളിലെ കപ്പയും ,വാഴയും അടക്കം കാട്ടുപന്നികൾ നശിപ്പിക്കുന്നുണ്ട്. വൻനഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്. കൃഷി നാശത്തിന് തുച്ഛമായ തുകയാണ് ലഭിക്കുന്നത്. ഇതിനാകത്തെ നിരവധി നൂലാമാലകൾ ഉള്ളതിനാൽ ഏറിയ പങ്ക് കർഷകരും നഷ്ടപരിഹാരം മേടിക്കാറില്ല.