pc

കോട്ടയം : പി.സി. തോമസിന്റെ മടങ്ങി വരവിൽ എൻ.ഡി.എ ജില്ലാ ഘടകത്തിൽ അതൃപ്തി. കാര്യംസാധിക്കാൻ മാത്രം ബി.ജെ.പി സംവിധാനത്തെ ഉപയോഗിക്കുന്ന പി.സി. തോമസിനെ ജില്ലയിൽ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലെന്ന കടുത്ത നിലപാടുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വിജയയാത്ര ജില്ലയിൽ എത്തുമ്പോൾ ഇക്കാര്യം കെ.സുരേന്ദ്രനെ അറിയിക്കാനാണ് നേതാക്കളുടെ തീരുമാനം. പാർട്ടിയെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നയാളാണ് പി.സി.തോമസെന്നാണ് ബി.ജെ.പിയുടെ പൊതുവികാരം. വാജ്പേയി സർക്കാരിൽ കേന്ദ്രമന്ത്രിയാക്കി. പിന്നീട് മൂവാറ്റുപുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി വിജയിച്ചപ്പോൾ കേന്ദ്രത്തിൽ ബി.ജെ.പിയ്ക്ക് അധികാരം നഷ്ടപ്പോൾ മുന്നണി വിട്ടയാളെ വീണ്ടും മുന്നണിയിൽ എടുക്കേണ്ടതില്ലായിരുന്നു. അവനവന്റെ നേട്ടത്തിനായി ബി.ജെ.പി പിന്നീട് എൽ.ഡി.എഫിൽ ചേക്കേറി അവിടെ നിലനിൽപ്പില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് വീണ്ടും ബി.ജെ.പിക്കൊപ്പമെത്തിയത്. അപ്പോൾ ബി.ജെ.പിക്ക് അധികാരവുണ്ടായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച പി.സി.തോമസിന് വേണ്ടി മുഴുവൻ സംവിധാനവും ഉപയോഗിച്ച് ബി.ജെ.പി പ്രവർത്തിച്ചിരുന്നു. എന്നാൽ ജോസ് കെ.മാണി മുന്നണി വിട്ടതോടെ പാലാ സീറ്റ് ലക്ഷ്യംവച്ച് യു.ഡി.എഫിലേയ്ക്ക് ചേക്കേറാനായി എൻ.ഡി.എ വിട്ടെങ്കിലും ഒന്നുമായില്ല. കഴിഞ്ഞ തദ്ദേശ തിര‌ഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തു. യു.ഡി.എഫിൽ എടുക്കാത്തതിനെ തുടർന്ന് വീണ്ടും എൻ.ഡി.എയിലേയ്ക്കെത്തിയ പി.സി.തോമസിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് പ്രവർത്തകരുടെ ചോദ്യം. എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പരസ്യ പ്രതികരണത്തിലേയ്ക്ക് പോകരുതെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ നേരിട്ട് പരാതി അറിയിക്കാനുള്ള നീക്കം.