
കുമരകം : പുഞ്ചകൃഷിയുടെ വിളവെടുപ്പ് തുടങ്ങിയതോടെ കിഴിവിനെച്ചൊല്ലിയുണ്ടായ തർക്കം നെല്ലുസംഭരണത്തിന് പ്രതിസന്ധിയാകുന്നു. കനത്ത ചൂടായതിനാൽ നെല്ലിൽ പതിര് കൂടുതലാണെന്നും ദൃഢക്കുറവുണ്ടെന്നുമാണ് കിഴിവ് ചോദിക്കാൻ കാരണമായി സ്വകാര്യമില്ല് ഏജന്റുമാർ പറയുന്നത്. മൂന്നു മുതൽ ഏഴു ശതമാനം വരെയാണ് കഴിവ് ആവശ്യപ്പെടുന്നത്. കർഷകർക്കനുകൂല നിലപാട് സ്വീകരിക്കേണ്ട പാഡി മാർക്കറ്റിംഗ് ഓഫീസർ മില്ലുകാരുടെ പക്ഷം പിടിക്കുകയാണെന്നാണ് ആക്ഷേപം.
ഒരേ സമയത്ത് വിതയ്ക്കുകയും കൊയ്യുകയും ചെയ്ത പാടങ്ങളിൽ കിഴിവ് ചോദിക്കുന്നത് പല തോതിലാണ്. കീറ്റുപാടം ,മാടപ്പള്ളിക്കാട് ,പള്ളിക്കായൽ, ചിത്തിര കായൽ ,കപ്പട തുടങ്ങിയ പാടങ്ങളിൽ മൂന്നും മൂന്നരയും ശതമാനം കിഴിവു നൽകിയാണ് സംഭരണം തുടങ്ങിയത്. കഴിഞ്ഞ ആഴ്ച കൊയ്ത്ത് കഴിഞ്ഞ 380 ഏക്കറുള്ള മങ്കുഴി പാടത്തെ നെല്ലിന് അഞ്ചര കിലോ നെല്ലാണ് സപ്ലൈകോ സംഭരണത്തിന് ചുമതപ്പെടുത്തിയ മില്ലിന്റെ ഇടനിലക്കാരൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം കൃഷി മട വീണ് നശിച്ചതിന് ശേഷം കടം വാങ്ങി കൃഷി ചെയ്ത കർഷകർ ഇത് അംഗീകരിച്ചില്ല. 100 കിലോ നെല്ല് കുത്തിയാൽ 68 കിലോ അരി ലഭിക്കില്ലെന്നതാണ് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടാൻ കാരണമായി പറയുന്നത്. ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ ഗത്യന്തരമില്ലാതെ അഞ്ച് കിലോ നെല്ല് കിഴിവ് നൽകിയാണ് ഇപ്പോൾ സംഭരണം നടത്തുന്നത്.
ആശങ്കയിൽ കർഷകർ
വർഷ കൃഷിയുടെ നെല്ല് സംഭരണത്തിന് ഈർപ്പം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കിഴിവ് ആവശ്യപ്പെട്ടിരുന്നത്. കിഴിവു നൽകാതെ എത്ര നല്ല നെല്ലാണെങ്കിലും വില്ക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ കർഷകർ നേരിടുന്നത്. മെത്രാൻകായൽ ,തുമ്പേ കായൽ, വിളക്കുമരകായൽ ,പഴയ കായൽ ,നാനൂറ് ,കാട്ടേഴത്തു കരി ,കുന്നപ്പള്ളി ,പൊൻമാൻ തുരുത്ത് ,നൂറ് തുടങ്ങിയ പാടങ്ങളിൽ ഉടൻ കൊയ്ത്ത് ആരംഭിക്കും.