കട്ടപ്പന: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വോട്ടിനു വേണ്ടി മാത്രം നടത്തുന്ന തട്ടിപ്പ് പാക്കേജ് പ്രഖ്യാപനം ജനം തള്ളിക്കളയുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. യു.ഡി.എഫ്. ഇടുക്കിയിലെ ജനങ്ങളോടുള്ള നീതികേടിൽ പ്രതിഷേധിച്ച് ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇടുക്കിക്ക് യാതൊരു ആശ്വാസ നടപടിയും ഉണ്ടായിട്ടില്ല. 2019ൽ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റ് പ്രസംഗത്തിന്റെ മറുപടിയിലാണ് 5000 കോടിയുടെ പാക്കേജ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി തയാറാക്കലോ കാര്യനിർവഹണമോ ഒന്നും ഉണ്ടായില്ല. 2020ലെ 1000 കോടിയുടെ പാക്കേജും പ്രഖ്യാപനം മാത്രമായി. മുമ്പുള്ള പ്രഖ്യാപനങ്ങളെല്ലാം മറന്ന് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള വാചക കസർത്ത് അവസാനിപ്പിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.